കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കാനിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മുതൽ സ്വന്തം മണ്ഡലമായ ധർമടത്ത് പ്രചാരണത്തിനിറങ്ങും. ഈ മാസം പതിനാറു വരെ പ്രചാരണം നീളും. ഏഴ് ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രി മണ്ഡലത്തിലുണ്ടാകും.
ഇന്നു വൈകീട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പിണറായിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്വല സ്വീകരണം ഒരുക്കിയിട്ടുണ്ട്. വിമാനത്താവളം മുതല്‍ പിണറായി വരെ റോഡ് ഷോയ്ക്ക് സമാനമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 18 കിലോമീറ്ററിനിടയില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ സ്വീകരണമുണ്ടാകും. ഔദ്യോഗികമായി സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും പിണറായി വിജയൻ ഇക്കുറിയും ധർമടത്ത് ജനവിധി തേടും. നാളെ മണ്ഡലത്തിലെ പ്രമുഖരുമായി പിണറായി വിജയന് കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രി ഇന്ന് എത്തുമെങ്കിലും ചൊവ്വാഴ്ച മുതലാണ് മണ്ഡല പര്യടനം ആരംഭിക്കുക. ഏഴ് ദിവസം നീളുന്ന പര്യടന പരിപാടിയില്‍ 46 കേന്ദ്രങ്ങളില്‍ അദ്ദേഹം സംസാരിക്കും. ദിവസവും രാവിലെ പത്തിന് തുടങ്ങി വൈകീട്ട് അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്. പ്രചാരണ പരിപാടിക്കിടെ നാമനിര്‍ദേശ പത്രികയും സമര്‍പ്പിക്കും. അതിന് ശേഷം മറ്റു ജില്ലകളിലേക്കു പോകുന്ന മുഖ്യമന്ത്രി പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രമേ മണ്ഡലത്തില്‍ തിരിച്ചെത്തൂ.
Read More: സികെ ജാനു വീണ്ടും എൻഡിഎയ്ക്കൊപ്പം; ദേവൻറെ പാർട്ടി ബിജെപിയിൽ ലയിച്ചു
അതേസമയം, തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സാധ്യത പട്ടികയായി. കല്യാശേരിയിൽ എം.വിജിനാണ് സാധ്യത. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇത്തവണ ജനവിധി തേടുക മട്ടന്നൂരിൽ നിന്നായിരിക്കും. തലശേരിയിൽ എ.എൻ.ഷംസീറും തളിപ്പറമ്പിൽ എം.വി.ഗോവിന്ദൻ മാസ്റ്ററും മത്സരിക്കും. പി.ജയരാജൻ മത്സരരംഗത്തുണ്ടാകില്ല. പി.ജയരാജനെ ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്.
തുടർച്ചയായി രണ്ട് തവണ മത്സരിച്ചു ജയിച്ചവരെ മാറ്റിനിർത്താനാണു സിപിഎം തീരുമാനം. മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും മത്സരിച്ചേക്കില്ല. തോമസ് ഐസക്കിനും സുധാകരനും രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ ആവശ്യം ഉയർന്നിരുന്നു. എന്നാൽ, സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും ഇത് എതിർക്കപ്പെട്ടു. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, ഇ.പി.ജയരാജൻ, എ.കെ.ബാലൻ എന്നിവരും ഇത്തവണ മത്സരരംഗത്തില്ല.