തിരുവനന്തപുരം: കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണ്ണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ പറഞ്ഞതു പോലെ കേരളത്തില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read More: ഇടതുപക്ഷത്തിന് തിരിച്ചടി: എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മിക്കപ്പോഴും ശരിയാകാറില്ല. 2004 ല്‍ എന്‍ഡിഎ തന്നെ അധികാരത്തില്‍ വരുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പറഞ്ഞത്. എന്നാല്‍, അധികാരത്തിലെത്തിയത് യുപിഎ ആണ്. മേയ് 23 ന് വോട്ടെണ്ണല്‍ കഴിയും വരെ കാത്തിരിക്കാമെന്നും എല്‍ഡിഎഫ് നല്ല രീതിയില്‍ വിജയിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
Read More: കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളും അഭിപ്രായ സര്‍വേ ഫലങ്ങളും
ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. ശബരിമലയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഇപ്പോഴും അത് തന്നെയാണ് ചെയ്യുന്നത്. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ നോക്കിയവര്‍ ആരാണെന്ന് അറിവുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കേരളത്തില്‍ എല്‍ഡിഎഫ് തകര്‍ന്നടിയുമെന്നാണ് മിക്ക സര്‍വേകളും പ്രവചിച്ചത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും സര്‍വേകളില്‍ പ്രവചനമുണ്ടായി. ഇതേ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് വിജയപ്രതീക്ഷയുണ്ടെന്നും എക്‌സിറ്റ് പോളുകള്‍ വിശ്വസനീയമല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചത്.
Read More: മോദി വീണ്ടും അധികാരത്തിലേക്ക് ? എന്‍ഡിഎ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍
മാതൃഭൂമി ന്യൂസ് – ജിയോ വെെഡ് സർവേയിൽ 15 സീറ്റ് യുഡിഎഫ് നേടുമെന്നും നാല് സീറ്റ് എൽഡിഎഫ് നേടുമെന്നും പറയുന്നു. ബിജെപി ഒരിടത്ത് വിജയിക്കുമെന്നും പറയുന്നതാണ് മാതൃഭൂമി സർവേ. കേരളത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം കാഴ്ച വയ്ക്കുമെന്ന് ഇന്ത്യാ ടുഡേ – ആക്സിസ് എക്സിറ്റ് പോൾ സർവേ ഫലം. യുഡിഎഫ് 15 സീറ്റും എൽഡിഎഫ് നാല് സീറ്റും എൻഡിഎ ഒരു സീറ്റും നേടുമെന്നാണ് ഇന്ത്യാ ടുഡേ സർവേ പറയുന്നത്.