/indian-express-malayalam/media/media_files/uploads/2019/05/ashok-lavasa-LAVASA-001.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ അതൃപ്തി അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം അശോക് ലവാസയുടെ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തില്ല. ലവാസയുടെ ആവശ്യം ഇന്ന് ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ തള്ളി. തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും അത് ഭരണഘടനാ ബാധ്യതയാണെന്നും ലവാസ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിയോജനക്കുറിപ്പ് രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ലവാസ തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു.
അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് രണ്ടാഴ്ചയായി മുടങ്ങിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗമാണ് ഇന്ന് ചേർന്നത്. മോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ വിട്ടു നിന്നതോടെയാണ് കമ്മീഷന്‍ യോഗങ്ങള്‍ തടസ്സപ്പെട്ടിരുന്നത്.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളോട് സഹകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ, അശോക് ലവാസയ്‌ക്ക് കത്തെഴുതിയിരുന്നു. വിഷയങ്ങള്‍ കമ്മിഷനുള്ളില്‍ തന്നെ ചര്‍ച്ച ചെയ്യണമെന്നും തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹകരണം ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടാണ് സുനില്‍ അറോറ രണ്ടു തവണ അശോക് ലവാസയ്‌ക്കു കത്തെഴുതിയത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടികളെ അതിന്റെ പ്രാധ്യാന്യത്തോടെ കാണണമെന്നും അഭിപ്രായ ഭിന്നതകള്‍ സൗമ്യമായി ഉന്നയിക്കണമായിരുന്നെന്നും കത്തില്‍ പറയുന്നു.
നരേന്ദ്ര മോദിക്കും അമിത്ഷാക്കും ക്ലീന്‍ ചീറ്റ് നല്‍കിയ പല കേസുകളിലും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളോട് അശോക് ലവാസ വിയോജിച്ചിരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് കമ്മീഷനിറക്കിയ ഉത്തരവുകളില്‍ അശോക് ലവാസയുടെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നില്ല. ഇതില്‍ കടുത്ത പ്രതിഷേധമാണ് അശോക് ലവാസക്കുണ്ടായിരുന്നത്. ഉത്തരവുകളില്‍ വിയോജിപ്പ് രേഖപ്പെടുത്താത്തതിനെത്തുടര്‍ന്ന് മെയ് മൂന്നിന് ശേഷമുള്ള കമ്മീഷന്‍ യോഗങ്ങളില്‍ ലവാസ വിട്ടുനിന്നു. ഇതോടെ കമ്മീഷന്റെ പല യോഗങ്ങളും മുടങ്ങി.
മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ അടക്കം മൂന്നു കമ്മിഷണര്‍മാരും ശനിയാഴ്‌ച അനൗദ്യോഗിക യോഗം ചേര്‍ന്നിരുന്നു. വിഷയം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും മറ്റ് അഭ്യൂഹങ്ങള്‍ തെറ്റാണെന്നുമുള്ള നിലപാടാണു മൂന്ന് കമ്മിഷണര്‍മാരും സ്വീകരിച്ചത്. യോഗത്തില്‍ തന്റെ വിയോജിപ്പ് അശോക് ലവാസ നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി വിശദമാക്കിയെന്നാണു സൂചന.
നടപടികളുടെ അടിസ്‌ഥാനം സ്വാഭാവിക നീതിയാണ്. അതിനാല്‍ വിധി പ്രസ്‌താവങ്ങളില്‍ ജഡ്‌ജിമാര്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നത് പോലെ തനിക്കും എതിര്‍പ്പ് രേഖപ്പെടുത്താന്‍ കഴിയണമെന്നുമായിരുന്നു അശോക് ലവാസയുടെ വാദം. ഭരണഘടനയുടെ 324-ാം ചട്ടപ്രകാരം പ്രത്യേക അധികാര പ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളും പ്രസ്‌താവനകളും മറ്റും പരിശോധിച്ച് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിശോധിക്കണമെന്നും ലവാസ ആവശ്യപ്പെട്ടു. ലവാസ ഉന്നയിച്ച പ്രശ്നങ്ങളും മറ്റ് പെരുമാറ്റച്ചട്ട ലംഘന കേസുകളും ഇന്നത്തെ യോഗം പരിഗണിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.