തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സ്ഥാനാര്‍ഥി പത്രികയെടുക്കാന്‍ മറന്നത് എല്ലാവരെയും ചിരിപ്പിച്ചു. തിരഞ്ഞെടുപ്പ് ചൂടില്‍ ടെന്‍ഷനടിച്ച് നിന്ന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ഥിക്ക് പറ്റിയ അമളി കണ്ട് ചിരിക്കാന്‍ തുടങ്ങി.

മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയുടെ ചിറ്റയം ഗോപകുമാറിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ അബദ്ധം പറ്റിയത്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് ചിറ്റയം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. സജി ചെറിയാന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കളും ചിറ്റയത്തിന് ഒപ്പമുണ്ടായിരുന്നു. പത്രിക നല്‍കാന്‍ ആര്‍ഡിഒ ആവശ്യപ്പെട്ടപ്പോഴാണു പത്രികയെടുക്കാന്‍ മറന്നുപോയ കാര്യം സ്ഥാനാര്‍ഥിയും നേതാക്കളും മനസിലാക്കിയത്. ഇത് കണ്ടതും നേതാക്കള്‍ക്കും പ്രവര്‍ത്തകരും ചിരിയടക്കാനായില്ല. ഒടുവില്‍ പ്രവര്‍ത്തകരെ പറഞ്ഞുവിട്ട് പാര്‍ട്ടി ഓഫീസില്‍ നിന്ന് പത്രിക എടുപ്പിച്ചു.

Read More: ‘കേരളത്തിലേക്ക് പ്രിയങ്കയും?’; രാഹുലിനൊപ്പം പ്രചാരണത്തിനിറങ്ങിയേക്കും

രാവിലെ 11 മണിക്കാണ് പത്രിക സമര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, പത്രിക എടുക്കാന്‍ മറന്നതോടെ നടപടികള്‍ പൂര്‍ത്തിയായത് 12.30 ന് ശേഷം. ചെങ്ങന്നൂര്‍ ആര്‍ഡിഒ അലക്‌സ് ജോസസിന് മുമ്പാകെയാണ് ചിറ്റയം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

നിലവില്‍ അടൂര്‍ എംഎല്‍എയാണ് ചിറ്റയം ഗോപകുമാര്‍. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ സിറ്റിംഗ് എംപിയായ കൊടിക്കുന്നില്‍ സുരേഷാണ് ചിറ്റയത്തിന്റെ മുഖ്യ എതിരാളി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ