തിരുവനന്തപുരം: രാവിലെ വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. പത്തനംതിട്ട മണ്ഡലത്തിലെ ചില മണ്ഡലങ്ങളില്‍ വോട്ടിങ് യന്ത്രം പ്രവര്‍ത്തനരഹിതമായതിനാല്‍ വോട്ടെടുപ്പ് ഏറെ വൈകിയാണ് ആരംഭിച്ചത്.

കോവളത്ത് ചൊവ്വരയിലെ വോട്ടിങ് യന്ത്രത്തില്‍ കൈപ്പത്തിക്ക് വോട്ട് രേഖപ്പെടുത്തുമ്പോള്‍ താമരയുടെ ലൈറ്റ് തെളിയുന്നതായി പരാതി ഉയര്‍ന്നത് ഏറെ വിവാദമായിരുന്നു. കേവളകത്ത് 151-ാം നമ്പര്‍ ബൂത്തിനെ കുറിച്ചാണ് പരാതി ഉണ്ടായത്. കോണ്‍ഗ്രസ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തി വയ്ക്കുകയും വേറെ യന്ത്രം കൊണ്ടു വന്ന് വോട്ടെടുപ്പ് പുനരാരംഭിക്കുകയും ചെയ്തു.

election, voting machine, ie malayalam

Read More: Lok Sabha Election 2019: സംസ്ഥാനത്ത് കനത്ത പോളിങ്

ചൊവ്വര മാധവവിലാസം സ്‌കളിലാണ് ബൂത്ത് പ്രവര്‍ത്തിക്കുന്നത്. 76 പേര്‍ വോട്ട് ചെയ്ത ശേഷമാണ് പരാതി ഉണ്ടായത്. പോള്‍ ചെയ്യുന്നത് കൈപ്പത്തി ചിഹ്നത്തിലാണ് വോട്ട് ചെയ്യുന്നതെങ്കില്‍ ചുമന്ന ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണ് എന്നായിരുന്നു പരാതി. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും മോക്ക് പോളിങ്ങിനിടയ്ക്കാണ് പിഴവ് രേഖപ്പെടുത്തിയതെന്നുമാണ് ജില്ലാ കളക്ടര്‍ കെ വാസുകി പറഞ്ഞത്.

പട്ടത്ത് വോട്ടിങ് മെഷീൻ തകരാറിലായെന്ന് പരാതി നൽകിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി എബിൻ എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ടെസ്റ്റ് വോട്ടിൽ തകരാർ തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം കേസെടുത്തത്. ഉദ്യോഗസ്ഥരുടെയും പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിലായിരുന്നു ടെസ്റ്റ് വോട്ട്. താൻ വോട്ട് ചെയ്ത ചിഹ്നത്തിനല്ല വോട്ട് പതിഞ്ഞതെന്നായിരുന്നു എബിന്റെ പരാതി.

കൊല്ലത്ത് കള്ളവോട്ട് നടന്നതായി പരാതി ഉയർന്നിരുന്നു. കൊല്ലം പട്ടത്താനം സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 50 ലാണ് കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നത്. കൊല്ലം മാടന്‍നട സ്വദേശി മഞ്ജുവിന്റെ വോട്ട് മറ്റാരോ ചെയ്‌തെന്നായിരുന്നു ആരോപണം. പോളിങ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ പ്രതിഷേധിച്ചു.

പത്തനംതിട്ട അടൂരിലെ ബൂത്തില്‍ പോള്‍ ചെയ്ത വോട്ടില്‍ വ്യത്യാസമെന്ന് പരാതിയുണ്ടായിരുന്നു. അടൂര്‍ പഴകുളം 123 -ാം നമ്പര്‍ ബൂത്തിലാണ് പരാതി ഉയര്‍ന്നത്. ഇവിടെ 843 വോട്ടുകള്‍ രേഖപ്പെടുത്തിയെങ്കിലും യന്ത്രത്തില്‍ 820 വോട്ടുകള്‍ മാത്രമാണുള്ളത്. അതിനിടെ കോഴിക്കോട് എടക്കാട് വോട്ടിങ് യന്ത്രം യുവാവ് എറിഞ്ഞു തകര്‍ത്തു. പ്രമോദ് എന്നയാളാണ് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിച്ച് അക്രമം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പലയിടത്തും വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് ആരോപിച്ചിരുന്നെങ്കിലും ഒരു ശതമാനം വോട്ടിംഗ് മെഷീൻ മാത്രമാണ് പണിമുടക്കിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. വോട്ട് ചെയ്യാൻ പറ്റുന്നില്ലെന്ന തകരാര്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.  ചിഹ്നം മാറി വോട്ട് പോയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു. മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോയ കേസ് ഇല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 0.76 ശതമാനം വോട്ടിങ് യന്ത്രങ്ങൾ മാത്രമാണ് പുനസ്ഥാപിക്കേണ്ടി വന്നത്. 1.98 ശതമാനം വിവിപാറ്റ് മെഷീനുകളും പുനസ്ഥാപിക്കേണ്ടി വന്നിട്ടുണ്ട്.

 

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.