കോട്ടയം: എല്‍ഡിഎഫില്‍ ചങ്ങനാശേരി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്കാന് തീരുമാനമായി. ജോസ് വിഭാഗം 13 സീറ്റുകളില്‍ മത്സരിക്കും. സിപിഐ 25 സീറ്റുകളിലും. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും സിപിഐ വിട്ടുനല്‍കും. സ്വതന്ത്രര്‍ ഉള്‍പ്പെടെ സിപിഎം 85 സീറ്റുകളില്‍ മത്സരിക്കും. ഇതോടെ എൽഡിഎഫിലെ സീറ്റ് വിഭജനത്തിന്റെ കുരുക്കഴിയുകയാണ്.
നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം സിപിഎം -85, സിപിഐ -25, കേരളാ കോണ്‍ഗ്രസ് എം -13, ജെഡിഎസ് -4, എല്‍ജെഡി -3, എന്‍സിപി -3, ഐഎന്‍എല്‍ -3, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് -1, കേരളാ കോണ്‍ഗ്രസ് ബി -1, കോണ്‍ഗ്രസ് എസ് -1, ആര്‍എസ്പി ലെനിനിസ്റ്റ് -1 സീറ്റിലും മത്സരിക്കും.
ചങ്ങനാശേരി സീറ്റിന്റെ കാര്യത്തിൽ പാർട്ടിയിൽ വലിയ തർക്കമായിരുന്നു. സീറ്റ് വിട്ട് നൽകില്ലെന്ന് സിപിഐയും കിട്ടിയേ പറ്റൂവെന്ന് കേരള കോൺഗ്രസും നിലപാട് കടുപ്പിച്ചത് എൽഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ചങ്ങനാശേരി നൽകിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളി വിട്ടുനിൽകില്ലെന്നായിരുന്നു സിപിഐ നിലപാട്. എന്നാൽ സിപിഐ നിലപാട് മയപ്പെടുത്തിയതോടെ ഇക്കാര്യത്തിൽ തീരുമാനമായി.
Read More: ‘നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും’; പൊന്നാനിയിൽ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു
അതേസമയം, പൊന്നാനിയിൽ സ്ഥാനാർഥി നിർണയത്തെ തുടർന്നുള്ള തർക്കം പൊട്ടിത്തെറിയിലേക്ക് നയിച്ചിരിക്കുകയാണ്. പ്രവർത്തകർ തെരുവിൽ പ്രതിഷേധിച്ചു. പി.നന്ദകുമാറിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെയാണ് പാർട്ടി പ്രവർത്തകരുടെ പരസ്യ പ്രതിഷേധം. ടി.എം.സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനു ആളുകളാണ് കഴിഞ്ഞ ദിവസം തെരുവിൽ പ്രതിഷേധിച്ചത്. ചന്തപ്പടിയിൽ നിന്ന് ആരംഭിച്ച മാർച്ച് ചമ്രവട്ടത്തേക്ക് എത്തിയപ്പോഴേക്കും പ്രതിഷേധക്കാരുടെ എണ്ണം വർധിച്ചു. ‘നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. പാർട്ടി കൊടികളും ബാനറുകളും പ്രതിഷേധക്കാരുടെ കൈയിലുണ്ടായിരുന്നു.
രണ്ട് ടേം നിബന്ധന ഉള്ളതിനാലാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ഇത്തവണ പൊന്നാനിയിൽ മത്സരിക്കാൻ സാധിക്കാത്തത്. പകരം പൊതുസമ്മതനായ സ്ഥാനാർഥിയെ വേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. പൊന്നാനി മുന്‍ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.എം.സിദ്ദിഖ് ആയിരിക്കും സ്ഥാനാർഥിയെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. പിന്നീടാണ് സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാന സമിതിയിലാണ് പി.നന്ദകുമാറിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ ജില്ലാ സെക്രട്ടറിയേറ്റില്‍ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സമിതി തീരുമാനം അംഗീകരിക്കുകയായിരുന്നു.
കേരളത്തിൽ മറ്റ് പല ഇടങ്ങളിലും സ്ഥാനാർഥി നിർണയത്തെ ചൊല്ലി പ്രതിഷേധം നടക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിക്കുന്നത്.