കൊച്ചി: മേയ് 23 ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ആരൊക്കെ വാഴും ആരൊക്കെ വീഴുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളം. ഇരുപത് സീറ്റുകള്‍ മാത്രമുള്ള കേരളത്തില്‍ തിരഞ്ഞെടുപ്പ് ആവേശത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. സ്ഥാനാര്‍ഥികള്‍ പരസ്പരം വെല്ലുവിളിച്ചും വിമര്‍ശിച്ചും കളം നിറഞ്ഞപ്പോള്‍ വോട്ടര്‍മാരെല്ലാം അത് നന്നായി ആസ്വദിച്ചു. സ്ഥാനാര്‍ഥികള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും വാര്‍ത്തയാകുന്ന ദിവസങ്ങളാണ് കടന്നുപോയത്. സ്ഥാനാര്‍ഥികള്‍ ഒരാവേശത്തിന് പറഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് കേരളത്തില്‍ വലിയ ചര്‍ച്ചയായി.
Read More: പിണറായി വിജയനെ ‘ചൗക്കിദാർ ചോർ ഹെ’യെന്നു വിളിച്ച് കെ.സുധാകരൻ
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരനാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിച്ച ദിവസം തന്നെ ആദ്യത്തെ വെടി പൊട്ടിച്ചത്. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ പൊതുരംഗം വിടുമെന്നും രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുധാകരന് പരസ്യമായി വെല്ലുവിളി നടത്തി. പൂര്‍ണ ആത്മവിശ്വാസത്തോടെയായിരുന്നു സുധാകരന് ഇക്കാര്യം പറഞ്ഞത്.

ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചില്ലെങ്കില്‍ പൊതുരംഗം വിടും. സുതാര്യമായി ഇലക്ഷന് നടക്കണമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞിരുന്നു. ഇലക്ഷന് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സിപിഎം മെക്കാനിസം മാറ്റി തിരഞ്ഞെടുപ്പ് നടത്താന്‍ താന്‍ ആവശ്യപ്പെടുന്നതായും സുധാകരന് പറഞ്ഞു. കലക്ടര്‍ മാതൃകാപരമായി തിരഞ്ഞെടുപ്പ് നടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More: മോദി വീണ്ടും അധികാരത്തിലേക്ക് ? എന്‍ഡിഎ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും സുധാകരന് സമാന വെല്ലുവിളി നടത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നായിരുന്നു അന്ന് സുധാകരന് പറഞ്ഞത്. എന്നാല്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ണൂരിലും അസംബ്ലി തിരഞ്ഞെടുപ്പില്‍ ഉദുമയിലും സുധാകരന് തോറ്റു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് പറഞ്ഞ മറ്റൊരു സ്ഥാനാർഥി പി.വി.അൻവർ എംഎൽഎയാണ്. പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് അൻവർ. നിലവിൽ, നിലമ്പൂർ എംഎൽഎ കൂടിയായ പി.വി.അൻവർ പൊന്നാനിയിൽ തോറ്റാൽ പൊതുരംഗം വിടുമെന്ന് പറഞ്ഞത് വലിയ വാർത്തയായി. പ്രത്യേകിച്ച് ലീഗ് കോട്ടയായ പൊന്നാനിയിൽ നിന്നാണ് അൻവർ ഇങ്ങനെയൊരു വെല്ലുവിളി നടത്തിയത് എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി കൂടി പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗത്തിലാണ് അൻവർ ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയത്.

“ഈ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിച്ചില്ലെങ്കിൽ ഞാൻ പൊതുപ്രവർത്തനം അവസാനിപ്പിക്കും. പാർലമെന്റ് മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും അത്രമാത്രം ആളുകൾ ഇടത് പക്ഷത്തോടൊപ്പം ചേർന്ന് നിൽക്കുന്നുണ്ട്. ഓരോ ദിവസവും ആയിരക്കണക്കിന് മെസേജുകളാണ് ഇടത് പക്ഷത്തെ പിന്തുണച്ച് കൊണ്ട് എന്റെ വാട്സ്ആപ്പിലേക്ക് വരുന്നത്” അൻവർ പറഞ്ഞു.
എന്നാൽ, സംഗതി വിവാദത്തിലായതോടെ അൻവർ വാക്കുമാറ്റി. തോറ്റാലും താൻ എൽഡിഎഫ് അനുഭാവിയായി തുടരുമെന്നും നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും അൻവർ പറഞ്ഞു. പരാജയ ഭീതി മൂലമാണ് അൻവർ വാക്കുമാറ്റിയതെന്ന് ലീഗും യുഡിഎഫും ആരോപിക്കാനും തുടങ്ങി.
Read More: വെള്ളാപ്പള്ളി നടേശന് അന്ന് പറഞ്ഞതും ഇന്ന് പറഞ്ഞതും!
സ്ഥാനാർഥികളെ കൂടാതെ പ്രവചനവും വെല്ലുവിളിയും നടത്തി വാർത്തയിൽ ഇടം പിടിച്ച മറ്റൊരു വ്യക്തിയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് തോറ്റാൽ താൻ തല മൊട്ടയടിക്കുമെന്നാണ് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, ദിവസങ്ങൾക്കപ്പുറം വെള്ളാപ്പള്ളിയും വാക്ക് മാറ്റി. അതൊക്കെ ഒരു തമാശയ്ക്ക് പറയുന്നതല്ലേ, മൊട്ടയടിക്കാൻ എവിടെയാണ് തലയിൽ മുടി എന്ന് ഹാസ്യരൂപേണ പറഞ്ഞ് വെള്ളാപ്പള്ളിയും തടിതപ്പി. അപ്പോഴും ആലപ്പുഴയിൽ ആരിഫ് തന്നെ ജയിക്കുമെന്ന് വെള്ളാപ്പള്ളി ആവർത്തിച്ചിരുന്നു.