ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്കിയ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയിലെ ഭിന്നതയില്‍ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. തിരഞ്ഞെടുപ്പ് കമ്മീഷനിലുണ്ടായ ഭിന്നതകള്‍ ഒഴിവാക്കാമായിരുന്നു എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിശദീകരണ കുറിപ്പില്‍ പറയുന്നു.
Read More: ‘മോദിക്ക് നല്കിയ ക്ലീന്‍ ചിറ്റ് അത്ര ക്ലീനല്ല!’; അതൃപ്തി അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍
ഒരു സമിതിയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. എല്ലാവര്ക്കും ഏകാഭിപ്രായം ഉണ്ടാകണമെന്നില്ല. ഇതിനു മുന്‍പും തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. ഓരോ കാര്യങ്ങള്‍ക്കും അതിന്റേതായ സമയമുണ്ട്. ചില കാര്യങ്ങളില്‍ നിശബ്ദത പാലിക്കുകയാണ് നല്ലത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തിയെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.
മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ അതൃപ്തി അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയാണ് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. പക്ഷപാതപരമായാണ് തിരഞ്ഞടുപ്പ് കമ്മീഷന് നിലപാടെടുത്തതെന്ന് ലവാസ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും പെരുമാറ്റചട്ട ലംഘന പരാതികളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ അതൃപ്തി അറിയിച്ച വ്യക്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായ ലവാസ. മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയുള്ള തന്റെ കുറിപ്പ് റെക്കോര്‍ഡില്‍ ചേര്‍ത്തില്ലെന്നാണ് ലവാസ പറയുന്നത്. ഇതേ തുടര്‍ന്നുള്ള അതൃപ്തിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തുടര്‍ന്നുള്ള യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ലവാസയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പെരുമാറ്റ ചട്ട ലംഘന പരാതികൾ പരിഗണിക്കുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ അടങ്ങുന്ന മൂന്നംഗ സമിതിയിലെ അംഗമാണ് ലവാസ. സുനിൽ അറോറയ്ക്കും അശോക് ലവാസയ്ക്കും പുറമേ സുശീൽ ചന്ദ്രയാണ് കമ്മീഷനിലെ മറ്റൊരു അംഗം. മോദിക്ക് ക്ലീൻ ചിറ്റ് നൽകുന്നതിനോട് വിയോജിച്ചുള്ള തന്റെ ന്യൂനപക്ഷ അഭിപ്രായം അന്തിമ ഉത്തരവിൽ രേഖപ്പെടുത്താത്തതാണ് അശോക് ലവാസയുടെ നിലപാടിന് കാരണം.