ന്യൂഡല്‍ഹി: അണികളോട് കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി. ഉത്തര്‍പ്രദേശിലെ സംഘമിത്ര മൗര്യയാണ് കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വിവാദത്തില്‍ പെട്ടിരിക്കുന്നത്. യഥാര്‍ത്ഥ വോട്ടര്‍ തിരഞ്ഞെടുപ്പിന് എത്തിയില്ലെങ്കില്‍ കള്ളവോട്ട് ചെയ്യാനായി മൗര്യ പാര്‍ട്ടി പ്രവര്‍ത്തകരോട് പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്.
”കള്ളവോട്ട് എല്ലായിടത്തും നടക്കുന്നതാണ്. നിങ്ങള്‍ക്ക് അവസരം ലഭിച്ചാല്‍ സാഹചര്യം മുതലെടുക്കണം” എന്ന് പറഞ്ഞ് മൗര്യ പൊട്ടിച്ചിരിക്കുകയായിരുന്നു. പിന്നീട് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ മൗര്യ പക്ഷെ തന്റെ വാക്ക് വീണ്ടും തിരുത്തുന്നു. ”രഹസ്യമായി വേണമെങ്കില്‍ നിങ്ങള്‍ക്ക് കള്ള വോട്ട് ചെയ്യാം.” മൗര്യ പറയുന്നു.
അതേസമയം വീഡിയോ എഡിറ്റ് ചെയ്തതാണെന്നായിരുന്നു മൗര്യയുടെ പ്രതികരണം.
A video of BJP candidate from Badaun has gone viral. Sanghmitra Maurya asks people to do fake voting of they get an opportunity
video courtesy – @priyangiaTOI pic.twitter.com/YebDQZXTn1
— Arvind Chauhan (@arvindcTOI) April 20, 2019
”ഞാന്‍ ഒരിക്കലും കള്ളത്തരത്തെ പിന്തുണക്കില്ല. ഞാന്‍ പറഞ്ഞത് തെറ്റായി കാണിക്കുകയാണ്. വീഡിയോ എഡിറ്റ് ചെയ്തതാണ്. പോളിങിന് എത്താത്തവരോട് സംസാരിക്കണമെന്നായിരുന്നു ഞാന്‍ പറഞ്ഞത്” എന്നാണ് മൗര്യ നല്കിയ വിശദീകരണം.
യുപിയിലെ ബദോനില്‍ നിന്നുമാണ് മൗര്യ മത്സരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ ദര്‍മ്മേന്ദ്ര യാദവാണ് പ്രധാന എതിരാളി.