രാംപൂര്: ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ നടിയും ആയ ജയപ്രദയ്ക്കെതിരായ പരാമര്‍ശത്തില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരാമര്‍ശത്തില്‍ അസം ഖാന്‍ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് അസം ഖാന്‍ ജയപ്രദയ്ക്കെതിരെ രംഗത്ത് വന്നത്. ’10 വര്‍ഷം നിങ്ങള്‍ അവരെ (ജയപ്രദയെ) നിങ്ങളുടെ പ്രതിനിധിയാക്കി. അവരെ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷം വേണ്ടി വന്നു. പക്ഷെ അവര്‍ ധരിച്ചിരുന്നത് കാക്കി നിക്കര്‍ ആണെന്ന് വെറും 17 ദിവസം കൊണ്ട് എനിക്ക് മനസ്സിലായി,’ അസം ഖാന്‍ പറഞ്ഞു.
അസംഖാന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. രാഷ്ട്രീയമായി ഇത്രയും തരംതാഴരുതെന്ന് ബിജെപി വക്താവ് ചന്ദ്രമോഹന്‍ പറഞ്ഞു. എസ്പി നേതാവ് മായാവതിയാണ് ഉത്തരം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2004 ലും 2009 ലും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി റാംപൂറില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയ വനിതാ നേതാവാണ് ജയപ്രദ. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് ജയപ്രദയെ സമാജ്‌വാദി പാര്‍ട്ടി പുറത്താക്കിയത്.
അതേസമയം തന്നെ വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞ ‘ഒരാളെ’ കുറിച്ചാണ് താന്‍ പ്രസ്താവന നടത്തിയതെന്ന് അസം ഖാന്‍ പറഞ്ഞു. അത് ആരാണെന്ന് വെളിപ്പെടുത്തുന്നില്ലെന്നും നിക്കര്‍ ധരിക്കുന്നത് സ്ത്രീകള്‍ അല്ല, പുരുഷന്മാരാണെന്നും അദ്ദേഹം പറഞ്ഞു.