ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുക വഴി രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസിഡന്റ് രാംനാഥ് കോവിന്ദിന് പരാതി നല്‍കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കല്യാണ്‍ സിങ്ങിന് മുമ്പ് ഒരു ഗവര്‍ണര്‍ ഇത്തരത്തില്‍ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചത് 1990ലായിരുന്നു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന ഗുല്‍ഷര്‍ അഹമ്മദ്, മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്റെ മകന്റെ പ്രചാരണത്തില്‍ പങ്കെടുത്തതായിരുന്നു സംഭവം. ഔദ്യോഗിക പദവി തന്റെ മകന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്തുവെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തലില്‍ തുടര്‍ന്ന് ഗുല്‍ഷര്‍ അഹമ്മദ് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ഒഴിയുകയായിരുന്നു.

Read: പെരുമാറ്റച്ചട്ടം: അറിയേണ്ടതെല്ലാം

ഇക്കഴിഞ്ഞ മാര്‍ച്ച് 23നാണ് കല്യാണ്‍ സിങ് മോദിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തത്. അലിഗഡില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ എല്ലാവര്‍ക്കും മോദി വിജയിക്കണമെന്നാണ് ആഗ്രഹം, അതാണ് രാജ്യത്തിന്റെ ആവശ്യം എന്നായിരുന്നു കല്യാണ്‍ സിങ് പറഞ്ഞത്.

‘നമ്മളെല്ലാവരും ബിജെപി പ്രവര്‍ത്തകരാണ്. അതിനാല്‍ തന്നെ നമുക്ക് ബിജെപി ജയിക്കണം എന്നാണ് ആഗ്രഹം. എല്ലാവര്‍ക്കും മോദി വീണ്ടും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ട്. മോദി പ്രധാനമന്ത്രിയാകേണ്ടത് രാജ്യത്തിന്റെയും സമൂഹത്തിന്റേയും ആവശ്യമാണ്,’ അലിഗഡില്‍ വച്ച് കല്യാണ്‍ സിങ് പറഞ്ഞു.

ഈ വിഷയം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യന്‍ എക്‌സ്പ്രസ് ആയിരുന്നു. ഇതേ തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷണര്‍ യുപിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷമാണ് കല്യാണ്‍ സിങ്ങിന്റേത് ചട്ടലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ