ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലങ്ങളിലും ബിജെപിക്ക് നേട്ടം.

മധ്യപ്രദേശിൽ ബിജെപിയുടെ അധികാരം അരക്കിട്ടുറപ്പിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം. ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി കസേരയിൽ തുടരും. ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസിന് സാധിച്ചില്ല.

മധ്യപ്രദേശിൽ 28 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 19 സീറ്റുകളും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റുകളിൽ ഇതിനോടകം ബിജെപി സ്ഥാനാർഥികൾ ജയിച്ചുകഴിഞ്ഞു. മധ്യപ്രദേശിൽ ബിജെപി സർക്കാരിനു അധികാരത്തിൽ തുടരണമെങ്കിൽ വേണ്ടിയിരുന്നത് 28 ൽ ഒൻപത് സീറ്റുകൾ മാത്രമായിരുന്നു. 230 അംഗ നിയമസഭയിൽ നിലവിൽ 107 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 116 സീറ്റാണ്.

Read Also: നേട്ടം കൊയ്യാതെ കൈ; മഹാസഖ്യത്തിലും കോൺഗ്രസിന് അടിതെറ്റുന്നു

കോൺഗ്രസിൽ നിന്ന് 25 ഓളം എംഎൽഎമാർ കൂറുമാറിയതോടെയാണ് മധ്യപ്രദേശിൽ ഇത്രയേറെ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റുകളിൽ ഏഴ് സീറ്റിൽ മാത്രമാണ് കോൺഗ്രസ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 114 സീറ്റുകളുമായി അധികാരത്തിലെത്തിയ കോൺഗ്രസിന് തുടർച്ചയായി തിരിച്ചടികൾ നേരിടുകയാണ് മധ്യപ്രദേശിൽ.

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം മധ്യപ്രദേശ് അടക്കം രാജ്യത്തെ 11 സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉത്തർപ്രദേശിലും ഗുജറാത്തിലും 15 സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുപിയിൽ ആറ് സീറ്റുകളിലും ഗുജറാത്തിൽ എട്ട് സീറ്റുകളിലും ബിജെപി മുന്നേറുന്നു.

മണിപ്പൂരിൽ നാല് സീറ്റിൽ മൂന്നിടത്തും ബിജെപി വിജയിച്ചു

മണിപ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിൽ മൂന്നിടത്തും ബിജെപി വിജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥി വിജയിച്ചു.

വാങ്‌ജിംഗ് ടെന്ത, സൈതു, വാങ്കോയ് നിയോജകമണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. ലിലോങിലാണ് സ്വതന്ത്ര സ്ഥാനാർത്ഥി ജയിച്ചത്.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.