ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതിക്കെതിരെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. മിനിമം വരുമാനം ഉറപ്പാക്കുന്ന കോണ്‍ഗ്രസിന്റെ പദ്ധതി നടപ്പിലാകാത്ത വാഗ്‌ദാനമാണെന്ന ബിജെപി വിമര്‍ശനം ശരിയാണെന്ന് മായാവതി പറഞ്ഞു.

Read More: പാവപ്പെട്ടവർക്ക് പ്രതിവർഷം 72,000 രൂപ മിനിമം വരുമാനം; വാഗ്‌ദാനവുമായി രാഹുൽ ഗാന്ധി

കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്നും മായാവതി വിമര്‍ശനമുന്നയിച്ചു. കര്‍ഷകരേയും തൊഴിലാളികളേയും പാവപ്പെട്ടവരേയും വഞ്ചിക്കുന്ന കാര്യത്തില്‍ ഇരു പാര്‍ട്ടികളും ഒരുപോലെയാണെന്നും മായാവതി പറഞ്ഞു. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി വെറും തിരഞ്ഞെടുപ്പ് വാഗ്‌ദാനമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പാവപ്പെട്ടവരായ 20 ശതമാനം കുടുംബങ്ങള്‍ക്ക് വാര്‍ഷിക വരുമാനമായി 72,000 രൂപ ലഭ്യമാക്കുന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ‘ന്യായ്’ പദ്ധതി. രാജ്യത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യം വച്ചാണ് കോണ്‍ഗ്രസ് ഈ പദ്ധതി ആവിഷ്കരിച്ചത്. തിങ്കളാഴ്ചയായിരുന്നു രാഹുല്‍ ‘ന്യായ്’ പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.

അതേസമയം, കോണ്‍ഗ്രസിനെതിരെ മായാവതി രംഗത്തെത്തിയത് ഉത്തര്‍പ്രദേശിലെ സഖ്യ സാധ്യതകള്‍ക്ക് തിരിച്ചടിയാണ്. നിലവില്‍ എസ്‌പിയും ബിഎസ്‌പിയും സഖ്യമായാണ് ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നത്. തനിച്ച് മത്സരിക്കുന്ന കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പിന് ശേഷം എസ്‌പി, ബിഎസ്‌പി സഖ്യത്തിന്റെ പിന്തുണ ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.