കണ്ണൂര്‍: കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് റീപോളിങ് നടത്തിയ പിലാത്തറയിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ ബോംബേറ്. ബൂത്തില്‍ വച്ച് സിപിഎമ്മുമായി തര്‍ക്കമുണ്ടായ ഷാര്‍ലറ്റിന്റെ വീടിന് നേരേയും ബോംബേറുണ്ടായി. ഏപ്രില്‍ 23-ന് തന്റെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഷാലറ്റ് ഇന്നലെ നടന്ന റീപോളിങില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം റീപോളിങിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന് ഷാര്‍ലറ്റുമായി ബൂത്തില്‍ സംസാരിച്ചു എന്നാരോപിച്ചായിരുന്നു സി.പി.ഐ.എം പ്രവര്‍ത്തകര്‍ ബഹളം വെച്ചത്. ഞായറാഴ്ച അര്‍ധരാത്രിക്കുശേഷമാണ് ഷാര്‍ലറ്റിന്റെ വീടിനു നേരേ ബോംബേറുണ്ടായത്.
Read More: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
പിലാത്തറ 19-ാം നമ്പര്‍ ബൂത്ത് ഏജന്റായിരുന്നു വി.ടി.വി പത്മനാഭന്. രാത്രി 12 ഓടെയായിരുന്നു പത്മനാഭന്റെ വീടിന് നേര്‍ക്ക് ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ചുവരുകള്‍ക്ക് കേടുപാട് പറ്റി. ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആസൂത്രിതമായി നടത്തിയ അക്രമമാണെന്നും പരാജയഭീതിയിലാണ് അക്രമം നടത്തിയതെന്നും കോണ്‍ഗ്രസ് പറഞ്ഞു. പിലാത്തറയിലടക്കം കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ ഇന്നലെയായിരുന്നു റീപോളിംഗ് നടന്നത്.
Also Read: Lok Sabha Election Exit Poll Results: ഇടതുപക്ഷത്തിന് തിരിച്ചടി: എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
കാസര്‍കോട് തൃക്കരിപ്പൂര്‍ കൂളിയോട് ജി.എച്ച്.എസ് ന്യൂബില്‍ഡിങ് ബൂത്ത് നമ്പര്‍ 48, കണ്ണൂര്‍ കുന്നിരിക്ക യുപിഎസ് വേങ്ങാട് നോര്‍ത്ത് ബൂത്ത് നമ്പര്‍ 52, കണ്ണൂര്‍ കുന്നിരിക്ക യുപി എസ് വേങ്ങാട് സൗത്ത് ബൂത്ത് നമ്പര്‍ 53 , കല്യാശേരിയിലെ പിലാത്തറ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍ 69,70 ബൂത്തുകള്‍, കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എയുപി സ്കൂള്‍ ബൂത്ത് എന്നിവിടങ്ങളിലാണ് റീ പോളിങ് നടന്നത്.
കള്ളവോട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ പല ബൂത്തുകളിലും റീപോളിങ് നടത്തണമെന്ന് മുന്നണികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മും മുസ്ലീം ലീഗുമാണ് കള്ളവോട്ട് ആരോപണത്തിൽ കുടുങ്ങിയത്. ഞായറാഴ്ച നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പോടെ രാജ്യത്ത് വിധിയെഴുത്ത് അവസാനിക്കും. മേയ് 23 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.