തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കൂടുതൽ കള്ളവോട്ട് നടന്നതായി സ്ഥിരീകരണം. കാസർഗോഡ് നിയോജക മണ്ഡലത്തിലെ രണ്ട് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാരാം മീണയാണ് സ്ഥിരീകരിച്ചത്. മുഹമ്മദ് ഫായിസ്, അബ്ദുൾ സമദ്, മുഹമ്മദ് കെ എം, മുഹമ്മദ് കെ എം എന്നിവരാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. ഇവർക്കെതിരെ ജനപ്രാധിനിധ്യ നിയമപ്രകാരം കേസെടുക്കാൻ നിർദ്ദേശം നൽകിയതായി ടിക്കാറാം മീണ അറിയിച്ചു. ജനപ്രാധിനിധ്യ നിയമത്തിന്‍റെ സെക്ഷൻ 171 സി, ഡി, എഫ് വകുപ്പുകൾ പ്രകാരമായിരിക്കും കേസെടുക്കുക.

Also Read: ടിക്കാറാം മീണയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചതിന് കോൺഗ്രസിന്റെ ബൂത്ത് ഏജന്റിനെതിരെയും കേസെടുക്കാൻ നിർദേശം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കല്ല്യാശ്ശേരി പുതിയങ്ങാട്​ ജമാത്ത്​ സ്​കൂളിലെ ബൂത്തുകളിലാണ്​ കള്ളവോട്ട്​ നടന്നത്​. കെ എം മുഹമ്മദ് എന്നയാൾ മൂന്ന് തവണയും അബ്ദുൾ സമദ്, മുഹമ്മദ് ഫായിസ് എന്നിവർ രണ്ടുതവണ വീതവും വോട്ട് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തെളിവെടുപ്പിന്​ ഹാജരാകാത്ത അബ്​ദുൽ സമദിനെതിരെ വാറണ്ട്​ പുറപ്പെടുവിക്കുമെന്നും ടിക്കാറാം മീണ വ്യക്​തമാക്കി. എന്നാൽ ആരോപണ വിധേയനായ ആഷിക് എന്നയാൾ കള്ളവോട്ട് ചെയ്തിട്ടുണ്ടോ എന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടില്ല.

Also Read: ഏതെങ്കിലും ബൂത്ത് ഏജന്റ് പരാതി പറഞ്ഞിട്ടുണ്ടോ?: കള്ളവോട്ട് തള്ളി മന്ത്രി ഇ.പി.ജയരാജന്‍

കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും വിശദമായ അന്വേഷിച്ച് വരുകയാണെന്നും, അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്ത് വരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. പാർട്ടി നോക്കിയല്ല നടപടിയെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം നിയമത്തിന്‍റെ വഴിക്ക് ശക്തമായി നീങ്ങുമെന്നും ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാനുള്ള അവസരമാണിതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.

Also Read: ‘തീരാത്ത കള്ളവോട്ട് ആരോപണങ്ങള്‍’; ഒന്നിലേറെ വോട്ടുകള്‍ ചെയ്യുന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന ഉദ്യോഗസ്ഥർ കള്ളവോട്ടിനെ കുറിച്ച്​ അറിയില്ലെന്നാണ്​ മൊഴി നൽകിയത്​. ഇവരുടെ പങ്കിനെ കുറിച്ച്​ കൂടുതൽ അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്​. ഏഴ്​ ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട്​ സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നതെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

Also Read: ‘കള്ള വോട്ട്, ബൂത്ത് പിടിത്തം, അക്രമങ്ങള്‍, വോട്ട് മറിക്കല്‍’; ആരോപണ പ്രത്യാരോപണങ്ങളുമായി സ്ഥാനാര്‍ഥികള്‍

കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചെങ്കിലും റീപോളിങ് അടക്കമുള്ള തുടർനടപടികളിൽ അന്തിമ തീരുമാനം എടുക്കുക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്.

കണ്ണൂർ പീലാത്തറയിൽ കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. സലീന, സുമയ്യ, പത്മിനി എന്നിവർ കള്ളവോട്ട് ചെയ്തതായാണ് സ്ഥിരീകരിച്ചത്. ഇവർക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിന് പുറമെ ആൾമാറാട്ടം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാനുള്ള അവസരമാണിതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

Also Read: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

അതേസമയം ആരോപണ വിധേയരിൽ നിന്ന് മൊഴിയെടുത്തില്ലെന്ന സിപിഎം ആരോപണം ടിക്കാറാം മീണ നിശേധിച്ചു. ആരോപണ വിധേയരുടെ മൊഴി തന്‍റെ പക്കലുണ്ടെന്നും ആവശ്യമെങ്കിൽ കാട്ടിത്തരാൻ തയ്യാറാണെന്നും ടിക്കാറാം മീണ പറഞ്ഞു. സിപിഎം തനിക്കെതിരെ നിയമനടപടിക്ക് നീങ്ങുന്നുവെന്ന വാർത്ത അറിഞ്ഞിട്ടില്ല. അത് താൻ വിശ്വസിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.