കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. വേങ്ങാട് സ്വദേശി സായൂജിനെതിരെ കൂത്തുപറമ്പ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 17 സി, ഡി എന്നീ ഉപവകുപ്പുകള്‍ പ്രകാരമാണ് കേസ്. ആള്‍മാറാട്ടം, തിരഞ്ഞെടുപ്പ് അട്ടിമറിക്കല്‍ എന്നിവയിലാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.

Read More: പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട്; ഡിജിപിയുടെ റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിച്ചു

52-ാം നമ്പര്‍ ബൂത്തിലെ വോട്ടറും കോയമ്പത്തൂരില്‍ താമസിക്കുന്നയാളുമായ അഖില്‍ അത്തിക്ക, 53-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ മലപ്പുറത്ത് താമസിക്കുന്ന മുഹമ്മദ് ഷാഫി എന്നിവരുടെ വോട്ടുകളാണ് സായൂജ് ചെയ്തിട്ടുള്ളത്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സായൂജിനെ വിളിച്ച് ജില്ലാ കളക്ടർ നേരത്തെ മൊഴിയെടുത്തിരുന്നു. അതിനു പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ധർമ്മടം മണ്ഡലത്തിലെ വേങ്ങാട് പഞ്ചായത്തിലെ കേസാണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More Election News 

സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കണ്ണൂരിൽ കോൺഗ്രസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ സിപിഎം വ്യാപകമായി കള്ളവോട്ട് നടത്തുന്നതായി ആരോപിക്കുകയും ചെയ്തിട്ടുണ്ട്. കാസർകോടിലെ കള്ളവോട്ട് ആരോപണത്തിൽ സിപിഎം പ്രവർത്തകർ കുടുക്കിലായതിനു പിന്നാലെയാണ് പുതിയ കള്ളവോട്ട് ആരോപണവും ഉയർന്നിരിക്കുന്നത്.

കള്ളവോട്ട് വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. കള്ളവോട്ട് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.