കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആദിവാസി മേഖലയായ ജര്‍ഗ്രാം ജില്ലയില്‍ ബിജെപി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. കൊല്‍ക്കത്തയില്‍ നിന്നും 167 കി.മി ദൂരെയുളള ജര്‍ഗ്രാമില്‍ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന എട്ട് മണ്ഡലങ്ങളില്‍ ഒന്നാണിത്.

രാമിണ്‍ സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. അതേസമയം, മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. വീട്ടില്‍ അതിക്രമിച്ച് കയറിയ തൃണമൂല്‍ പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ്വാര്‍ഗിയ ആരോപിച്ചു. ബിജെപി പ്രവര്‍ത്തകന്റെ മരണത്തോടെ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.

More Election News

അതേസമയം, ബാഗബന്‍പൂരിലും മേദിനിപൂരിലും ഇന്നലെ രാത്രി രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. ഇവര്‍ ചികിത്സയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ പശ്ചിമബംഗാളില്‍ വ്യാപകമായ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയിലാണ് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.