ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇത്തവണ 2014 ലെ സീറ്റുകളേക്കാള്‍ അധികം സീറ്റുകള്‍ ബിജെപി തനിച്ച് നേടുമെന്നാണ് അമിത് ഷായുടെ ആത്മവിശ്വാസം. ബിജെപി മുന്നൂറിലേറെ സീറ്റുകള്‍ നേടുമെന്നാണ് അമിത് ഷാ പറയുന്നത്. വോട്ടെടുപ്പ് അഞ്ചും ആറും ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ ബിജെപി കേവല ഭൂരിപക്ഷം പിന്നിട്ടു എന്നും ഏഴാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ബിജെപിയുടെ സീറ്റ് മുന്നൂറിലേറെ കടക്കുമെന്നാണ് പ്രതീക്ഷയെന്നും അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read More: അമിത് ഷായുടെ റാലിക്കെതിരായ ആക്രമണം ബിജെപിയോടുള്ള മമതയുടെ പ്രതികാരം: നരേന്ദ്രമോദി

“ഞാന്‍ രാജ്യത്ത് മുഴുവന്‍ സഞ്ചരിച്ചു. ജനങ്ങളുടെ പ്രതികരണം അറിഞ്ഞു. വോട്ടെടുപ്പ് ആറാം ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ ബിജെപി ഭൂരിപക്ഷം നേടിയെന്ന് പൂര്‍ണ ആത്മവിശ്വാസമുണ്ട്. ഏഴാം ഘട്ടം കൂടി പൂര്‍ത്തിയാകുമ്പോള്‍ സീറ്റുകളുടെ എണ്ണം 300 കടക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും” – അമിത് ഷാ പറഞ്ഞു.

മേയ് 19 നാണ് ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 272 സീറ്രുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 282 സീറ്റുകളിലാണ് വിജയിച്ചത്. ഇത്തവണ സീറ്റുകള്‍ വര്‍ധിക്കുമെന്നാണ് ബിജെപി അധ്യക്ഷന്‍ പ്രതീക്ഷിക്കുന്നത്.

Read More : മോദിയുടേയും അമിത് ഷായുടേയും മാത്രം പാര്‍ട്ടി അല്ല ബിജെപി: നിതിന്‍ ഗഡ്കരി

പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ മാസം 23-ന് ശേഷം യോഗം ചേരുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ അവർ യോഗം ചേർന്നോട്ടെയെന്നാണ്‌ ബിജെപി അധ്യക്ഷൻ പരിഹസിച്ചത്. ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്ക് വേണമെങ്കിലും യോഗം ചേരാനുള്ള അവകാശമുണ്ടെന്നും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ മാത്രമാണ് അവരുടെ യോഗമെന്നും ഷാ പറഞ്ഞു. അതേസമയം, ഇത്തവണയും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അംഗസഖ്യ പോലും പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടാവില്ലെന്നും ഷാ കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ സഖ്യം ബിജെപിക്ക് പല സംസ്ഥാനങ്ങളിലും തിരിച്ചടി നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബിജെപിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ഉത്തർപ്രദേശിൽ എസ്.പി – ബി.എസ്.പി സഖ്യത്തിൽ നിന്നായിരിക്കും ബിജെപി തിരിച്ചടി നേരിടേണ്ടി വരിക എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ തവണത്തേക്കാൾ കുറവ് സീറ്റുകളേ ബിജെപി യുപിയിൽ നേടുകയുള്ളൂ എന്നാണ് മഹാസഖ്യവും വിലയിരുത്തുന്നത്.

Read More Election News

അതേസമയം, ഉത്തർപ്രദേശിൽ നഷ്ടമാകുന്ന സീറ്റുകൾ ബംഗാളിൽ സ്വന്തമാക്കാൻ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുക്കൂട്ടൽ. മോദിയും അമിത് ഷായും നേരിട്ടെത്തി ബംഗാളിൽ പ്രചാരണം നടത്തിയതും മമത സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചതും ഇങ്ങനെയൊരു സാഹചര്യത്തിലാണ്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.