ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി. ബംഗാളില്‍ തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് – ബിജെപി ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചത്. ഏഴാം ഘട്ടത്തില്‍ വിധിയെഴുതാന്‍ പോകുന്ന പശ്ചിമ ബംഗാളിലെ ഒന്‍പത് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള പരസ്യ പ്രചാരണം നാളെ രാത്രിയോടെ അവസാനിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

നാളെ രാത്രി പത്ത് വരെ മാത്രമേ ബംഗാളില്‍ പരസ്യ പ്രചാരണത്തിന് അനുവാദമുള്ളൂ. പരസ്യ പ്രചാരണം വെള്ളിയാഴ്ചയാണ് അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍, പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കമ്മീഷന്‍ പരസ്യ പ്രചാരണത്തിന് നിയന്ത്രണം കൊണ്ടുവന്നത്. ആർട്ടിക്കൾ 324 ന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാജ്യത്ത് ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യ പ്രചാരണം വെട്ടിക്കുറയ്ക്കുന്നത്. വിദ്യാസാഗർ പ്രതിമ തകർക്കപ്പെട്ട സംഭവത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അപലപിച്ചു.

Read More: അമിത് ഷായുടെ റാലിക്കെതിരായ ആക്രമണം ബിജെപിയോടുള്ള മമതയുടെ പ്രതികാരം: നരേന്ദ്രമോദി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കഴിഞ്ഞ ദിവസം ബംഗാളില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടായി. ഈ സാഹചര്യം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടിരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെയാണ് കഴിഞ്ഞ ദിവസം അക്രമങ്ങളുണ്ടായത്. അതിനു പിന്നാലെ ബിജെപി – തൃണമൂല്‍ നേതാക്കള്‍ പരസ്പരം വിമര്‍ശിച്ച് രംഗത്തെത്തി. മമത ബാനര്‍ജിയും നരേന്ദ്ര മോദിയും തമ്മില്‍ വാക്‌പോരും ഉണ്ടായി.

മമതയ്ക്ക് അധികാര ലഹരിയാണെന്നും മമതയുടെ ഗുണ്ടകള്‍ അക്രമം അഴിച്ചു വിടുകയാണെന്നും മോദി പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കൊല്‍ക്കത്ത റോഡ് ഷോയ്ക്കിടെയുണ്ടായ അക്രമങ്ങളിലാണ് മോദി മമതയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

Read More: ‘ബംഗാളില്‍ അക്രമം നടത്തിയത് ബിജെപി പ്രവര്‍ത്തകര്‍’; വീഡിയോ പുറത്തുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

”അധികാര ലഹരിയിലുള്ള മമത ജനാധിപത്യത്തെ തകര്‍ക്കുന്നു. ദീദിയുടെ ഗുണ്ടകള്‍ തോക്കുകളും ബോംബുകളുമായി അക്രമം നടത്തുന്നു” ബസിര്‍ഹത്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു. പശ്ചിമ ബംഗാളിന്റെ മാന്യതയുടെ സംസ്‌കാരത്തെ മമത തകര്‍ത്തെന്നും കൊല്‍ക്കത്തയിലെ റോഡ് ഷോയ്ക്കിടെയുണ്ടായ അക്രമം തൃണമൂലിന്റെ പ്രതികാരമാണെന്നും മോദി പറഞ്ഞു.

ബിജെപി പ്രവര്‍ത്തകരും തൃണമൂലിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ കൊല്‍ക്കത്തയുടെ തെരുവുകളില്‍ പരസ്പരം ആക്രമിക്കുകയായിരുന്നു. കുപ്പികളും ഇഷ്ടികകളും കല്ലുകളുമുപയോഗിച്ചായിരുന്നു ആക്രമണം. ഇതിന് പിന്നാലെ മമതയും മോദിയും തമ്മില്‍ വാക്ക് പോര് ശക്തമാവുകയാണ്.

Read More Election News

കല്‍ക്കട്ട യൂണിവേഴ്‌സിറ്റി കോളേജിനും വിദ്യാനഗര്‍ കോളേജിനും പുറത്തുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചു വിട്ടതെന്നാണ് തൃണമൂലിന്റെ വിദ്യാര്‍ത്ഥി സംഘടന ആരോപിക്കുന്നത്. അതേമസമയം, തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേര്‍ കുപ്പി വലിച്ചെറിഞ്ഞതോടെ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് ബിജെപിയും പറയുന്നു.

അതേസമയം, പശ്ചിമ ബംഗാളില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ പ്രതിമ തകര്‍ക്കുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തത് ബിജെപി പ്രവര്‍ത്തകരാണെന്നാണ് തൃണമൂൽ ആരോപിക്കുന്നത്. അക്രമ സംഭവങ്ങള്‍ നടത്തുന്നത് ബിജെപി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വീഡിയോ പുറത്തുവിട്ടു.

Read More: പശ്ചിമ ബംഗാളില്‍ റാലി നടത്താന്‍ അമിത് ഷായ്ക്ക് അനുമതി നിഷേധിച്ച് മമത ബാനര്‍ജി

19-ാം നൂറ്റാണ്ടിലെ തത്വചിന്തകനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ ഈശ്വര്‍ ചന്ദ്ര വിദ്യാസഗറിന്റെ പ്രതിമ തകര്‍ത്തത് ബിജെപി ഗുണ്ടകളാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ന്യൂഡല്‍ഹിയില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയാന്‍ വീഡിയോ പുറത്തുവിട്ടത്. അമിത് ഷാ നുണയനാണെന്ന് വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാണെന്നും ഒബ്രയാന്‍ പറഞ്ഞു. തൃണമൂലിനെയും പൊലീസിനെയും നേരിടാന്‍ അമിത് ഷായുടെ റാലിയിലേക്ക് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി വരണമെന്ന് അറിയിച്ചുള്ള വാട്‌സ് ആപ് സന്ദേശത്തിന്റെ ചിത്രങ്ങളും തൃണമൂല്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ ബിജെപി പ്രതിരോധത്തിലായി.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.