കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേട്ടം കൊയ്ത് ബിജെപി. സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളില്‍ പലയിടത്തും ത്രികോണ മത്സരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് സാധിച്ചു. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 15.53 ശതമാനം വോട്ടുകളാണ് ഇത്തവണ ബിജെപി നേടിയത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 10.84 ശതമാനം വോട്ടാണ് ബിജെപിക്കുണ്ടായിരുന്നു. അഞ്ച് ശതമാനത്തോളം വോട്ട് വര്‍ധിപ്പിക്കാന്‍ ബിജെപിക്ക് ഇത്തവണ സാധിച്ചു. പത്തനംതിട്ട, തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ ഏറ്റവും മികച്ച പോരാട്ടം കാഴ്ചവച്ചത്.

Read More: വടകരയില്‍ ബിജെപിക്ക് ഗണ്യമായി വോട്ട് വര്‍ധിച്ചില്ല

തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി 2,93,822 വോട്ടുകളാണ് നേടിയത്. 2014 ല്‍ ലഭിച്ച വോട്ടിനേക്കാള്‍ ഒന്നര ലക്ഷത്തിലേറെ വോട്ട് ഇത്തവണ തൃശൂരില്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചു. ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ ഇത്തവണ 2,48,081 വോട്ടുകള്‍ നേടി. 2014 ല്‍ ആറ്റിങ്ങലില്‍ നിന്ന് ബിജെപി നേടിയ വോട്ടുകള്‍ 90,528 ആണ്. തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്താന്‍ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് സാധിച്ചു. ഇത്തവണ 3,16,142 വോട്ടുകളാണ് കുമ്മനം നേടിയത്. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നിന്ന് ബിജെപിക്ക് നേടാന്‍ സാധിച്ചത് 2,82,336 വോട്ടുകളായിരുന്നു. ശബരിമല വിഷയം സ്വാധീനം ചെലുത്തിയെന്ന് ബിജെപി ആദ്യം മുതലേ അവകാശപ്പെട്ടിരുന്ന പത്തനംതിട്ട സീറ്റില്‍ അവരുടെ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ 2,97,396 വോട്ടുകള്‍ നേടി. 2014 ല്‍ 1,38,954 വോട്ടുകളായിരുന്നു ബിജെപി സ്ഥാനാര്‍ഥിക്കുണ്ടായിരുന്നത്.

Read More: ചരിത്രം കുറിച്ച് നരേന്ദ്രമോദി; വോട്ട് 17 കോടിയിൽ നിന്നും 22 കോടിയായി ഉയർന്നു

ബിജെപി കേരളത്തിലാകെ അഞ്ച് ശതമാനം വോട്ട് വര്‍ധിപ്പിച്ചപ്പോള്‍ നഷ്ടം എല്‍ഡിഎഫിനായിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40.23 ശതമാനം വോട്ടുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ 35.08 ശതമാനത്തിലേക്ക് താഴ്ന്നു. യുഡിഎഫിനാകട്ടെ സ്വന്തം വോട്ട് ബാങ്ക് നിലനിര്‍ത്താന്‍ ഒരു പരിധി വരെ സാധിച്ചു. കഴിഞ്ഞ തവണ 42.08 ശതമാനം വോട്ടുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ അത് 47.24 ശതമാനമായി വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

ശബരിമല വിഷയം ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും പല സീറ്റുകളിലും ബിജെപി സ്ഥാനാർഥികൾ വിജയിക്കുമെന്നും പാർട്ടി നേതൃത്വം തന്നെ അവകാശപ്പെട്ടിരുന്നു. എന്നാൽ, വോട്ട് ശതമാനം ഉയർത്തി എന്നതിനപ്പുറം സീറ്റ് നേടാനൊന്നും ബിജെപിക്ക് സാധിച്ചില്ല. കേരളത്തിൽ നിന്ന് ബിജെപിക്കായി ഒരു എംപി വേണമെന്ന സ്വപ്നം സഫലമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. കോൺഗ്രസും ഇടതുപക്ഷവും ശക്ത സാന്നിധ്യമായി നിലനിൽക്കുന്നതിനാൽ ബിജെപിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല.

Read More: ബംഗാളില്‍ വട്ടപൂജ്യം; കേരളത്തിലുള്ളത് ഒരു തരി കനല്‍

നേട്ടമുണ്ടാക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച സാധ്യതകളാണ് കേരളത്തിലുണ്ടായതെന്നും എന്നാൽ അത് വേണ്ടത്ര വിജയം കണ്ടില്ലെന്നുമുള്ള വിമർശനം ബിജെപി സംസ്ഥാന നേതൃത്വത്തിനുണ്ട്. വരും ദിവസങ്ങളിൽ ഇതിനെ കുറിച്ചെല്ലാം ബിജെപി ചർച്ച ചെയ്തേക്കും.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.