ന്യൂഡല്‍ഹി: സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി. കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സുമലത മത്സരിക്കുന്നത്. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായ ജെപി നഡ്ഡയാണ് പിന്തുണ പ്രഖ്യാപിച്ചത് .അന്തരിച്ച കോണ്‍ഗ്രസ് എംപി എം എച്ച് അംബരീഷിന്റെ ഭാര്യയും മുന്‍ സിനിമാ നടിയുമായ സുമലത കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് എതിരെയാണ് മത്സരിക്കുന്നത്.
മാണ്ഡ്യയില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയുടെ എതിര് സ്ഥാനാര്‍ത്ഥിയാണ് സുമലത. തനിക്കോ മകനോ വേണ്ടിയല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മാണ്ഡ്യയിലെ ജനങ്ങള്‍ക്കുവേണ്ടിയും അംബരീഷിന്റെ ആരാധകര്ക്കുവേണ്ടിയാണെന്നും സുമലത പറഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖമേറിയ ദിനമായിരുന്നു അതെന്നും മാണ്ഡ്യയിലെ ജനങ്ങളാണ് ഇരുട്ടില്‍നിന്ന് തന്നെ പുറത്തേക്ക് കൊണ്ടുവന്നതെന്നുമായിരുന്നു അംബരീഷിന്റെ വിയോഗത്തെക്കുറിച്ച് സുമലത പറഞ്ഞതു.
മാണ്ഡ്യയിലെ നിരവധി റിബല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സുമലത വ്യക്തമാക്കി. മാര്‍ച്ച് 20 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.
മാണ്ഡ്യയില്‍ എച്ച്.ഡി.കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമി സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മാണ്ഡ്യയിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ പോരാടുന്നതെന്നും ഒരു പാര്‍ട്ടിക്കുമെതിരെ അല്ലെന്നായിരുന്നു സുമലതയുടെ മറുപടി. മാണ്ഡ്യയില്‍ ആരു ജയിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.