തൃശൂർ: എൻഡിഎ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയ ഗുരുവായൂർ മണ്ഡലത്തിൽ സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായ ദിലീപ് നായർക്ക് പിന്തുണ നൽകാൻ ബിജെപി തീരുമാനിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷനാണ് ഇക്കാര്യം അറിയിച്ചത്. എൻഡിഎ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിപ്പോയ മറ്റൊരു മണ്ഡലമായ തലശേരിയിലും സമാനമായ ബദൽ മാർഗം ബിജെപി തേടുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഗുരുവായൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും മഹിളാ മോര്‍ച്ച അധ്യക്ഷയുമായ നിവേദിതയുടെ പത്രിക തള്ളിയത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് കാരണമായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നല്കിയ കത്തില്‍ ഒപ്പില്ല എന്നതു ചൂണ്ടിക്കാട്ടിയാണ് നിവേദിതയുടെ പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർഥിയുടെ പത്രികയും പൂർണമല്ല. സിപിഎം സ്ഥാനാര്‍ഥിയായി എന്‍.കെ. അക്ബറും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ.ഖാദറുമാണ് ഗുരുവായൂരിൽ മത്സരിക്കുന്നത്. ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയത് കോൺഗ്രസുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് തൃശൂരിലെ സിപിഎം നേതൃത്വം ആരോപിച്ചിരുന്നു.
Read Also: തപാൽ വോട്ടെടുപ്പിന് ഇന്നു തുടക്കം
2016 ലും ഗുരുവായൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത് നിവേദിതയാണ്. 2016 ൽ 15,908 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി കെ.വി.അബ്ദുൾ ഖാദർ ഗുരുവായൂരിൽ നിന്നു ജയിച്ചത്. ബിജെപി സ്ഥാനാർഥി 25,490 വോട്ട് പിടിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായിരുന്നു രണ്ടാമത്.