തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ബിജെപി തീരുമാനം. ശബരിമല വിഷയം പ്രധാന പ്രചാരണ വിഷയമാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശബരിമല വിഷയം ഉന്നയിച്ച് പ്രചാരണം നടത്തുന്നിടത്തെല്ലാം വലിയ ജനപങ്കാളിത്തം ഉണ്ടെന്നും അത് തിരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യമാകുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.

പത്തനംതിട്ടയിലും തൃശൂരും ശബരിമല വിഷയം മുഖ്യ പ്രചാരണ ആയുധമാക്കിയാണ് സ്ഥാനാര്‍ഥികള്‍ മുന്നേറുന്നത്. ഇത് മണ്ഡലങ്ങളില്‍ ബിജെപിക്ക് വലിയ സ്വീകാര്യത നല്‍കുന്നുമുണ്ട്. തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് ശബരിമല വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചിരുന്നു.

Read More: തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആയുധമാക്കി കര്‍മ്മ സമിതി

ശബരിമല വിഷയം പറയുന്നിടത്തെല്ലാം പാര്‍ട്ടിക്കും സ്ഥാനാര്‍ഥികള്‍ക്കും കിട്ടുന്ന പിന്തുണയാണ് തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ തടസം നിൽക്കുമ്പോഴും ശബരിമലയുമായി മുന്നോട്ട് പോകാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.

ശബരിമല വിഷയത്തില്‍ പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോഴിക്കോട്ടെ പ്രഖ്യാപനവും ബിജെപി തിരഞ്ഞെടുപ്പ് പത്രികയില്‍ ശബരിമലയിലെ ആചാരസംരക്ഷണം ഉള്‍പ്പെടുത്തിയതും കേരളഘടകത്തിന് ആത്മവിശ്വാസം നല്‍കുന്നു.

ഇന്നലെ മോദി കോഴിക്കോട് എത്തിയപ്പോൾ ശബരിമല വിഷയം ഉന്നയിച്ച് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ആചാര സംരക്ഷണത്തിന് ബിജെപി ഒപ്പമുണ്ടാകുമെന്നാണ് എൻഡിഎ സ്ഥാനാർഥികൾ പ്രചാരണ വേളകളിൽ പറയുന്നത്. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാൻ കർമ സമിതിയും തീരുമാനിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.