തിരുവനന്തപുരം: പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് ബിജെപിക്ക് തിരിച്ചടിയാകുന്നു. പാര്‍ട്ടിയിലും മുന്നണിയിലും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വ്യക്തതയില്ലാത്തതാണ് പ്രഖ്യാപനം വൈകാന്‍ കാരണം. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും പത്തനംതിട്ട ഒഴിച്ചിട്ടിരിക്കുകയാണ്. ബിജെപിക്ക് ജയസാധ്യതയുള്ള പത്തനംതിട്ട സീറ്റില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

Read More: സസ്പെന്‍സ് തുടരുന്നു: ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും പത്തനംതിട്ടയില്ല

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് സീറ്റ് നല്‍കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത്. ശ്രീധരന്‍ പിള്ളയ്ക്ക് സീറ്റില്ലെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇപ്പോള്‍ ശ്രീധരന്‍ പിള്ളയ്ക്ക് അനുകൂലമായ അന്തരീക്ഷവും പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്.

പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ള സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ സുരേന്ദ്രന് തൃശൂര്‍ നല്‍കാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍, തൃശൂര്‍ സീറ്റില്‍ തങ്ങള്‍ തന്നെ മത്സരിക്കുമെന്ന് ഘടകക്ഷിയായ ബിഡിജെഎസ് വ്യക്തമാക്കിയിട്ടുണ്ട്. ബിഡിജെഎസ് തൃശൂരില്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ സുരേന്ദ്രനോ ശ്രീധരന്‍ പിള്ളയോ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകും. ഇന്നോ നാളെയോ സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കാനാണ് സാധ്യത.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.