ന്യൂഡല്‍ഹി: ഇന്നത്തെ ബിജെപി പാര്‍ട്ടി എ.ബി.വാജ്‌പേയിയുടെയും എല്‍.കെ.അദ്വാനിയുടെയും കാലത്തെ പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമാണെന്ന് പൂനം സിന്‍ഹ. ഇന്നത്തെ ബിജെപി പാര്‍ട്ടി അഹങ്കാരത്തിന്റെ പ്രതീകമാണെന്നും പൂനം സിന്‍ഹ പറഞ്ഞു. ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ബിജെപിയുമായി ബന്ധമുണ്ടായിരുന്ന പൂനം സിന്‍ഹ ഇക്കാര്യം പറഞ്ഞത്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനെതിരെ എസ്.പി ടിക്കറ്റില്‍ ലക്‌നൗവില്‍ നിന്ന് മത്സരിക്കുന്ന വനിതാ നേതാവ് കൂടിയാണ് പൂനം.
Read More: ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ സമാജ് വാദി പാര്‍ട്ടിയില്‍; ലക്‌നൗവില്‍ രാജ്‌നാഥ് സിംഗിനെ നേരിടും
2014 ല്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ഏറെ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, അതിലിപ്പോള്‍ കുറ്റബോധം തോന്നുന്നു. ഇപ്പോള്‍ ഒരു മാറ്റമാണ് വേണ്ടത്. ജനങ്ങളും അത് ആഗ്രഹിക്കുന്നു. നമ്മള്‍ ആഗ്രഹിച്ചിരുന്നത് ഇതല്ല എന്നും ബിജെപിയെ നിശിതമായി വിമര്‍ശിച്ച് പൂനം സിന്‍ഹ പറഞ്ഞു.
ബിഹാറില്‍ ബിജെപിക്ക് വേണ്ടി 2014 ല്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. അതിലിപ്പോള്‍ ഖേദം തോന്നുന്നു. മോദിയെ അധികാരത്തിലെത്തിക്കാന്‍ ഏറെ പ്രയത്‌നിച്ചിട്ടുണ്ടെന്നും പൂനം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
Read More: കോൺഗ്രസ് സ്ഥാനാർഥി ശത്രുഘ്‌നൻ സിൻഹയുടെ ആസ്തി 112 കോടി, സ്വന്തമായുളളത് 7 കാറുകൾ
അടല്‍ ബിഹാരി വാജ്‌പേയിയുടെയും എല്‍.കെ.അദ്വാനിയുടെയും പാര്‍ട്ടിയിലാണ് ഞങ്ങള്‍ ചേര്‍ന്നത്. എന്നാല്‍, ഇപ്പോള്‍ പാര്‍ട്ടി പൂര്‍ണ്ണമായും മാറിയിരിക്കുന്നു. ബിജെപി ഇപ്പോള്‍ അഹങ്കാരികളാണ്. വ്യക്തി കേന്ദ്രീകൃതമാണ് പാര്‍ട്ടിയിലെ കാര്യങ്ങള്‍. ഈ ഒരൊറ്റ കാരണം കൊണ്ടാണ് ഭര്‍ത്താവ് ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിട്ടതെന്നും പൂനം പറഞ്ഞു.
ബിജെപി ബന്ധം ഉപേക്ഷിച്ചതില്‍ കുറ്റബോധമില്ല. എസ്.പി – ബി.എസ്.പി സഖ്യവുമായുള്ള ബന്ധം മികച്ചതാണ്. അവരുടെ നിലയിലേക്ക് എത്താന്‍ മറ്റാര്‍ക്കും ഇന്ത്യയില്‍ സാധിക്കില്ല. രാജ്‌നാഥ് സിംഗിനെതിരായ മത്സരം കാത്തിരുന്ന് കാണാമെന്ന് തിരഞ്ഞെടുപ്പ് ഫലം തന്നെ അതിന് മറുപടി നല്‍കുമെന്നും പൂനം പറഞ്ഞു.
Read More: ‘ബിജെപി വിടുന്നത് കഠിനമായ ഹൃദയവേദനയോടെ’; ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിൽ ചേർന്നു
“മൂന്ന് വിഷയങ്ങള്‍ക്കാണ് എം.പിയായാല്‍ പ്രാധാന്യം നല്‍കുക. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് അതില്‍ ആദ്യത്തേത്. പിന്നീട് പരിസ്ഥിതി പ്രശ്‌നങ്ങള്‍. അതിന് ശേഷം ലക്‌നൗവിലെ ജനങ്ങളുടെ പൊതുവിഷയങ്ങളിലും പ്രശ്‌നങ്ങളിലും ഇടപെടും.”- പൂനം കൂട്ടിച്ചേര്‍ത്തു.
പൂനം സിൻഹയുടെ ഭർത്താവ് ശത്രുഘ്നൻ സിൻഹ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. പാട്ന സാഹിബ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ശത്രുഘ്നൻ ജനവിധി തേടും.