കൊച്ചി: സംസ്ഥാനത്ത് രണ്ട് സീറ്റില്‍ വിജയം പ്രതീക്ഷിച്ച് ബിജെപി. കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ ജനവികാരം പ്രകടമായെന്ന് ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തി. കൊച്ചിയില്‍ ചേര്‍ന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് വിശകലന യോഗത്തിലാണ് ഈ വിലയിരുത്തല്‍. പലയിടത്തും ഇടതുവലതുപക്ഷങ്ങളെ ബിജെപി മലര്‍ത്തിയടിക്കുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും തൃശൂരില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.
സംസ്ഥാന നേതൃത്വത്തിനെതിരെ വിവിധ വിഷയങ്ങളില്‍ നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രചരാണത്തിന് കൂടുതല്‍ കേന്ദ്ര നേതാക്കള്‍ സംസ്ഥാനത്ത് എത്താതിരുന്നത് വീഴ്ചയായി പല നേതാക്കളും ചൂണ്ടിക്കാട്ടി. അമിത് ഷാ വന്ന ശേഷം പ്രധാന നേതാക്കളാരും എത്തിയില്ലെന്ന് കുറ്റപ്പെടുത്തലുയര്‍ന്നു.
തൃശൂരില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കാലതാമസം ഉണ്ടായി. നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ മികച്ച മുന്നേറ്റം നടത്താന്‍ സുരേഷ് ഗോപിക്ക് സാധിക്കുമായിരുന്നു എന്നും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
Read More: കേരളത്തിൽ ബിജെപിക്കാർ പ്രവർത്തിക്കുന്നത് ജീവൻ പണയം വച്ച്: പ്രധാനമന്ത്രി
വടകരയിലും കൊല്ലത്തും ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം പരാജയപ്പെട്ടതായി യോഗത്തില്‍ അഭിപ്രായുയര്‍ന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായത് യുഡിഎഫിന് അനുകൂലമായെന്നും വിലയിരുത്തലുണ്ടായി. വടകരയിലും കൊല്ലത്തം ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന വിമര്‍ശനവുമുയര്‍ന്നു. കൂടുതല്‍ ശക്തരായ സ്ഥാനാര്‍ഥികളെ വടകരയിലും കൊല്ലത്തും ബിജെപി മത്സരത്തിന് ഇറക്കണമായിരുന്നു എന്ന അഭിപ്രായവും സംസ്ഥാന നേതാക്കള്‍ ഉന്നയിച്ചു.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് മികച്ച നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ബിജെപി പൊതുവേ വിലയിരുത്തിയത്. തിരുവനന്തപുരവും പത്തനംതിട്ടയും തൃശൂരും ആറ്റിങ്ങലും ശബരിമല വിഷയം പ്രതിഫലിക്കുമെന്നാണ് ബിജെപി നേതാക്കള്‍ വിശ്വസിക്കുന്നത്. ഹിന്ദു വോട്ടുകളുടെ ഏകീകരണുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ പ്രത്യക്ഷമായും പരോക്ഷത്തിലും നേരത്തെ അവകാശപ്പെട്ടിരുന്നു.
Read More: ‘സിപിഎം സര്‍വ്വ നാശത്തിലേക്ക്; കാരണക്കാരന്‍ പിണറായി വിജയൻ
പല മണ്ഡലങ്ങളിലും ശബരിമല വിഷയത്തിലൂന്നിയാണ് ബിജെപി പ്രചാരണം ശക്തമാക്കിയത്. തൃശൂരിലും പത്തനംതിട്ടയിലും സ്ഥാനാർഥികൾ നേരിട്ട് ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിച്ചത് വാർത്തയായിരുന്നു. തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപിക്ക് ശബരിമല വിഷയം പരാമർശിച്ചതിന്റെ പേരിൽ ജില്ലാ കളക്ടർ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
ഏപ്രിൽ 23 നാണ് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നത്. മെയ് 23 ന് വോട്ടെണ്ണൽ നടക്കും. 2014 ൽ പത്ത് ശതമാനം വോട്ട് മാത്രമുണ്ടായിരുന്നു ബിജെപി ഇത്തവണ ഇരട്ടി വോട്ട് വിഹിതം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.