കൊച്ചി: സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയത് സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമായാണെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. സിപിഎമ്മിന് ഭരണത്തുടർച്ചയും ബിജെപിക്ക് അവരുടെ കേന്ദ്ര നേതൃത്വത്തെ തൃപ്തിപ്പെടുത്തുന്നതിന് അഞ്ചാറ് സീറ്റുകളിലെ വിജയവും നേടിക്കൊടുക്കുന്നതിനാണ് ഇരു പാർട്ടികളും കരാറിലെത്തിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബിജെപിയെ യഥാർത്ഥത്തിൽ എതിർക്കുന്ന പാർട്ടി കോൺഗ്രസ്സാണെന്നും അദ്ദേഹം പറഞ്ഞു.
തലശേരി, ഗുരൂവായൂര്‍,ദേവികുളം, മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിർദേശ പത്രികകളാണ് തള്ളിയത്.
ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ എൻ ഹരിദാസിന്റെ നിമനിർദേശപത്രികയാണ് തലശേരിയിൽ തള്ളിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ ഒപ്പ് ഇല്ലാത്തതിനാലാണ് തലശേരിയിൽ എൻ ഹരിദാസിന്റെ പത്രിക തള്ളിയത്. സമാന കാരണം ചൂണ്ടിക്കാട്ടി ബിജെപിയുടെ ഡമ്മി സ്ഥാനാർഥിയുടെ പത്രികയും തള്ളി.
ദേശീയ പ്രസിഡന്റിന്റെ ഒപ്പിനു പകരം സീല്‍ വച്ചതാണ് പത്രിക തള്ളാന്‍ കാരണം. ബിജെപിക്ക് കണ്ണൂർ ജില്ലയിൽ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശേരി. 2016 ൽ സിപിഎം സ്ഥാനാർഥി എഎൻ ഷംസീർ 34,117 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച തലശേരിയിൽ ബിജെപി സ്ഥാനാർഥി വികെ സജീവനു 22,125 വോട്ടുകളാണ് 2016 ൽ ലഭിച്ചത്.
ഗുരുവായൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ഥിയും മഹിളാ മോര്‍ച്ച അധ്യക്ഷയുമായ നിവേദിതയുടെ പത്രികയാണ് തള്ളിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നല്കിയ കത്തില്‍ ഒപ്പില്ല എന്നതു ചൂണ്ടിക്കാട്ടിയാണ് നിവേദിതയുടെ പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർഥിയുടെ പത്രികയും പൂർണമല്ല.