തൃശ്ശൂര്‍: വിവാദ പ്രസംഗത്തില്‍ ജില്ലാ കളക്ടര്‍ക്ക് സുരേഷ് ഗോപിയുടെ വിശദീകരണം. തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ശബരിമല എന്നത് ഒരു ദേശത്തിന്റെ പേരാണെന്നും ശബരിമല ക്ഷേത്രമെന്നോ അയ്യപ്പ സ്വാമിയെന്നോ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരണം നല്‍കി.

മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചരണം നടത്തരുതെന്നാണ് നിര്‍ദ്ദേശം എന്നാല്‍ തന്നില്‍ നിന്നും അത്തരമൊരു നടപടിയുമുണ്ടായിട്ടില്ല. ദൈവത്തിന്റെ പേരോ ചിഹ്നമോ ഉപയോഗിച്ചിട്ടില്ല. ശബരിമല എന്നത് ഒരു ദേശമാണ്. ശബരിമല ക്ഷേത്രമെന്നോ അയ്യപ്പ സ്വാമിയെന്നോ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി കള്കടര്‍ ടിവി അനുപമയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.

അതേസമയം വിശദമായ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും ഇതിനായി സിഡി പരിശോധിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് സുരേഷ് ഗോപി. തേക്കിന്‍കാട് മൈതാനത്ത് നടത്തിയ യോഗത്തിലായിരുന്നു വിവാദ പ്രസംഗം.

സുരേഷ് ഗോപിയുടെ പ്രസംഗത്തിലെ വിവാദ ഭാഗം ഇങ്ങനെ:

”ഞാന്‍ തൃശിവപേരൂര്‍ക്കാരുടെ മുന്നിലേയ്ക്ക് വരുമ്പോള്‍, ഞാന്‍ തൃശിവപേരൂര്‍കാരുടെ, കേരളത്തിന്റെ ഒരു പരിഛേദനത്തിനോടാണ്, ശബരിമലയുടെ പശ്ചാത്തലത്തില്‍ ഞാന്‍ ഈ വോട്ടിനു വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്റെ അയ്യന്‍, എന്റെ അയ്യന്‍, നമ്മുടെ അയ്യന്‍, ആ അയ്യന്‍, (പശ്ചാത്തലത്തില്‍ ശരണം വിളി മുഴുങ്ങുന്നു) എന്റെ വികാരമാണെങ്കില്‍, ഈ കിരാത സര്‍ക്കാരിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിലൂടെ കേരളത്തിലല്ല; ഭാരതത്തില്‍ മുഴുവന്‍, അയ്യന്റെ ഭക്തര്‍ മുഴുവന്‍, അത് അലയടിപ്പിച്ചിരിക്കും. അത് കണ്ട് ആരെയും കൂട്ടുപിടിക്കേണ്ട. ഒരു യന്ത്രങ്ങളേയും കൂട്ടുപിടിക്കേണ്ട. നിങ്ങള്‍ക്ക് ഒന്നു മുട്ടുമടങ്ങി വീഴാന്‍, നിങ്ങളുടെ മുട്ടു കാലുണ്ടാകില്ല. അത്തരത്തില്‍ ചര്‍ച്ചയാകും. അതുകൊണ്ട് തന്നെ, എന്റെ പ്രചരണ വേളകളില്‍ ശബരിമല എന്നു പറയുന്നത് ഞാന്‍ ചര്‍ച്ചയാക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുകയാണിവിടെ” ഇത്രയും ഭാഗമാണ് പെരുമാറ്റ ചട്ട ലംഘനമായി ജില്ലാ കളക്ടറുടെ നോട്ടീസില്‍ പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ