തൃശൂർ: ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ. തൃശൂരിൽ ചേർന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനു ശേഷം സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കൾ ഡൽഹിയിലേക്കു പോകും. കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചകൾക്കും ആലോചനകൾക്കും ശേഷം രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനം നടക്കും.
മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർഥിയാകും. സംസ്ഥാനത്തുടനീളം ശ്രീധരൻ താരപ്രചാരകനായിരിക്കും. പ്രചാരണത്തിനായി പ്രത്യേക ഹെലികോപ്റ്റർ സൗകര്യം ബിജെപി ഒരുക്കും. കെ.എസ്.രാധാകൃഷ്ണൻ തൃപ്പൂണിത്തുറയിൽ നിന്ന് ജനവിധി തേടും. ധർമടത്ത് പിണറായി വിജയനെതിരെ സി.കെ.പദ്മനാഭൻ മത്സരിക്കും.
നേമത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാൻ തന്നെയാണ് തീരുമാനം. എന്നാൽ, നേമത്ത് കോൺഗ്രസ് ശക്തനായ സ്ഥാനാർഥിയെ നിർത്തുകയാണെങ്കിൽ കുമ്മനത്തെ വേറൊരു മണ്ഡലത്തിലേക്ക് മാറ്റിയേക്കും. വട്ടിയൂർക്കാവിലും കുമ്മനത്തിന്റെ പേര് പരിഗണനയിലുണ്ട്. കോന്നിയിലോ കഴക്കൂട്ടത്തോ കെ.സുരേന്ദ്രൻ മത്സരിക്കണമെന്നാണ് കമ്മിറ്റിയിൽ ഉയർന്ന പൊതു അഭിപ്രായം. എന്നാൽ, മത്സരിക്കാനില്ലെന്നാണ് സുരേന്ദ്രന്റെ വ്യക്തിപരമായ തീരുമാനം.
തൃശൂരിൽ സുരേഷ് ഗോപി തന്നെ വേണമെന്ന് ആവശ്യം. സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വവും നിലപാടെടുത്തു. എന്നാൽ, മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് സുരേഷ് ഗോപി നേരത്തെ അറിയിച്ചിട്ടുണ്ട്. സന്ദീപ് വാര്യരും മത്സരരംഗത്തുണ്ടാകും.