ന്യൂഡൽഹി: ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ട് മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മഞ്ചേശ്വരം, കോന്നി എന്നീ മണ്ഡലങ്ങളിലാണ് സുരേന്ദ്രൻ മത്സരിക്കുക നേമത്ത് കുമ്മനം രാജശേഖരൻ സ്ഥാനാർഥിയാകും. പി.കെ.കൃഷ്‌ണദാസ് കാട്ടാക്കടയിലും സി.കെ.പത്മനാഭൻ ധർമടത്തും മത്സരിക്കും.സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാർഥിയാകും.
അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പിള്ളിയിൽ മത്സരിക്കും. തിരൂരിൽ ഡോ അബ്‌ദുൾ സലാം. ഇ.ശ്രീധരൻ പാലക്കാട് സ്ഥാനാർഥിയാകും. തിരുവനന്തപുരം സെൻട്രലിൽ നടൻ കൃഷ്‌ണകുമാർ സ്ഥാനാർഥി. ഇരിങ്ങാലക്കുടയിൽ ഡോ.ജേക്കബ് തോമസ് സ്ഥാനാർഥിയാകും.കോഴിക്കോട് നോർത്തിൽ എം.ടി.രമേശ് സ്ഥാനാർഥിയാകും.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ആണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. കഴക്കൂട്ടത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. .115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. 25 സീറ്റുകൾ ഘടകകക്ഷികൾക്ക് നൽകും.
ബിജെപി സംസ്ഥാന കമ്മിറ്റി നല്‍കിയ പട്ടികയിൽ ദേശീയ നേതൃത്വം തിരുത്തൽ നടത്തിയിട്ടുണ്ട് . കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ അവഗണിക്കുന്നവരെ രാജിവയ്‌പ്പിച്ച് സ്ഥാനാര്‍ഥിത്വം നല്‍കാനാണ് ബിജെപി പട്ടിക നീട്ടിവയ്‌ക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു. കുറച്ചുകാലമായി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രനോട് മല്‍സരിക്കാന്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായും വാർത്തകൾ പുറത്തുവന്നിരുന്നു.