തിരുവനന്തപുരം: ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയ മത്സരമായിരുന്നു തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലേത്. ത്രികോണ മത്സരമെന്ന് വോട്ടെടുപ്പിന് മുന്‍പേ വിലയിരുത്തലുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലം അക്ഷരാര്‍ഥത്തില്‍ എല്‍ഡിഎഫിന് തിരിച്ചടിയായി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് സിപിഐ സ്ഥാനാര്‍ഥിക്ക് കേള്‍ക്കേണ്ടി വന്നത്. അതിനാല്‍ തന്നെ ഇത്തവണ രണ്ടാം സ്ഥാനത്തെങ്കിലും എത്തുക എന്നുള്ളതായിരുന്നു ഇടത് മുന്നണിയുടെ ലക്ഷ്യം.
Read More: ബിജെപിക്കാര്‍ സുരേന്ദ്രന്റെ കാല് വാരി, തെളിവായി ശബ്ദരേഖ ഉണ്ട്: പിസി ജോര്‍ജ്
എല്‍ഡിഎഫിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് മണ്ഡലത്തിലെ വോട്ട് കണക്കുകള്‍. വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 2014 ആവര്‍ത്തിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഐയുടെ സി.ദിവാകരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ 99,983 വോട്ടുകളുടെ ഭൂരിപക്ഷവുമായി വിജയിച്ചു കയറി. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്തിരുന്നു. എന്നാല്‍, പിന്നീട്, ശശി തരൂര്‍ ലീഡ് പിടിച്ചെടുത്തു.
Read More: ‘ഹിന്ദു വോട്ടുകള്‍ നഷ്ടമായി’; തോല്‍വിയില്‍ സിപിഎം
ഏഴ് നിയോജക മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ഇതില്‍, ആറിടത്തും യുഡിഎഫാണ് ലീഡ് ചെയ്തത്. ഒരിടത്ത് ലീഡ് ചെയ്തത് ബിജെപി സ്ഥാനാര്‍ഥിയും. ഒരു മണ്ഡലത്തില്‍ പോലും എല്‍ഡിഎഫിന് ലീഡ് നേടാനായില്ല എന്നത് ശ്രദ്ധേയമാണ്. ബിജെപിക്ക് ആദ്യ നിയമസഭാ പ്രതിനിധിയെ സമ്മാനിച്ച നേമം മണ്ഡലത്തിലാണ് കുമ്മനം രാജശേഖരന്‍ മറ്റ് സ്ഥാനാര്‍ഥികളേക്കാള്‍ ലീഡ് ചെയ്തത്. 2014 ല്‍ നേമത്ത് ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 50,685 വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണ അത് 58,513 വോട്ടുകളായി ഉയര്‍ന്നു. 12,000 ത്തിലേറെ വോട്ടുകള്‍ക്കാണ് കുമ്മനം നേമത്ത് ലീഡ് ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ഈ സീറ്റില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

മൂന്ന് മണ്ഡലങ്ങളില്‍ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ നിയോജക മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തെത്തിയത്. ഇതില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം ഏറെ ശ്രദ്ധേയമാണ്. കാരണം, വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ജനപ്രതിനിധിയായ കെ.മുരളീധരന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ഒരുപക്ഷേ, കുമ്മനം രാജശേഖരന്‍ തന്നെയായിരിക്കും ഇവിടെ ബിജെപി സ്ഥാനാര്‍ഥിയാകുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read More: വടകരയില്‍ ബിജെപിക്ക് ഗണ്യമായി വോട്ട് വര്‍ധിച്ചില്ല
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ മികച്ച പ്രകടനമാണ് കുമ്മനം നടത്തിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ഒന്നാം സ്ഥാനത്തെത്തിയെങ്കിലും രണ്ടാം സ്ഥാനത്തെത്തിയ കുമ്മനം നേരിയ വോട്ടുകള്‍ക്കാണ് പിന്നിലുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ 53,545 വോട്ടുകളാണ് വട്ടിയൂര്‍ക്കാവില്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള കുമ്മനമാകട്ടെ 50,709 വോട്ടുകള്‍ നേടി. വട്ടിയൂര്‍ക്കാവില്‍ 2836 വോട്ടുകള്‍ക്കാണ് കുമ്മനം രണ്ടാം സ്ഥാനത്തെത്തിയത്. ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഈ കണക്കുകള്‍ വളരെ നിര്‍ണായകമായിരിക്കും.
വട്ടിയൂര്‍ക്കാവ് കൂടാതെ തിരുവനന്തപുരം(42,877 വോട്ടുകള്‍), കഴക്കൂട്ടം (45,479 വോട്ടുകള്‍) എന്നീ നിയോക മണ്ഡലങ്ങളിലും കുമ്മനം രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഒ.രാജഗോപാല്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം എന്നീ മണ്ഡലങ്ങളിലാണ് 2014 ല്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയത്. പാറശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോകുകയും ചെയ്തിരുന്നു. 2014 ല്‍ 15,470 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി തന്നെയായിരുന്നു രണ്ടാം സ്ഥാനത്ത്.