ന്യൂഡല്‍ഹി: കേരളത്തില്‍ 14 സീറ്റുകളില്‍ ബിജെപി മത്സരിക്കും. അഞ്ച് സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കും. കോട്ടയം സീറ്റില്‍ കേരളാ കോണ്‍ഗ്രസിനായി പി.സി.തോമസ് സ്ഥാനാര്‍ഥിയാകും. 14 സീറ്റുകളില്‍ ബിജെപി മത്സരിക്കുമ്പോള്‍ വയനാട്, ഇടുക്കി, തൃശൂര്‍, ആലത്തൂര്‍, മാവേലിക്കര സീറ്റുകളില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ നിര്‍ത്തും. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.

Read More: ‘സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് ഹോളി ആയതിനാല്‍’: പി.എസ്.ശ്രീധരന്‍ പിള്ള

ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത. സംസ്ഥാനത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ബിഡിജെഎസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുക. കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് അവകാശപ്പെട്ടു.

എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒന്‍പത് എംഎല്‍എമാരുള്ളതിനെയും കൃഷ്ണദാസ് വിമര്‍ശിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെങ്കില്‍ എന്തുകൊണ്ട് എംഎല്‍എമാരെ രാജിവയ്പിച്ച ശേഷം മത്സരിപ്പിക്കാന്‍ ഇറക്കുന്നില്ലെന്ന് കൃഷ്ണദാസ് ചോദിച്ചു. കേരളത്തില്‍ ബിജെപി ബദല്‍ രാഷ്ട്രീയ ശക്തിയായി വളര്‍ന്നിരിക്കുകയാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. തൃശൂരില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു തുഷാറിന്റെ മറുപടി. കേരളത്തിലെത്തിയ ശേഷം പാര്‍ട്ടിയില്‍ ആലോചിച്ച്, ചര്‍ച്ച ചെയ്ത് മാത്രമായിരിക്കും സ്ഥാനാർഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ