പട്ന: മഹാസഖ്യമായി ബിജെപിക്കെതിരെ പോരാട്ടം നടത്താന്‍ ബിഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും. സംസ്ഥാനത്തെ സീറ്റ് വിഭജനത്തില്‍ സഖ്യത്തിനുള്ളില്‍ ധാരണയായി. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) 20 സീറ്റുകളില്‍ ജനവിധി തേടും. ഒന്‍പത് സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ളത് 40 ലോക്സഭാ സീറ്റുകളാണ്. 11 സീറ്റുകള്‍ മറ്റ് പാര്‍ട്ടികള്‍ക്ക്.
Read More: മോദി ഭരണത്തില്‍ 2018 ല്‍ മാത്രം ഒരു കോടി യുവാക്കള്‍ക്ക് ജോലി നഷ്ടമായി: രാഹുല്‍ ഗാന്ധി
ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിക്ക് അഞ്ച് സീറ്റ്, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്ക് മൂന്ന് സീറ്റ്, മുകേഷ് സഹനിയുടെ വിഐപിക്ക് മൂന്ന് സീറ്റ്, ആര്‍ജെഡി ക്വാട്ടയില്‍ സിപിഎമ്മിന് ഒരു സീറ്റ് എന്നിങ്ങനെയാണ് സംസ്ഥാനത്തെ സീറ്റ് വിഭജനം. നേരത്തെ 11 സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് കോണ്‍ഗ്രസ് ആര്‍ജെഡിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന് ഒന്‍പത് സീറ്റുകള്‍ നല്‍കാനാണ് ആര്‍ജെഡി തീരുമാനിച്ചത്.
ആര്‍ജെഡിയുടെ ദേശീയ വക്താവ് മനോജ് കുമാര്‍ ഷായാണ് സീറ്റ് വിഭജനം പൂര്‍ത്തിയായ വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഭരണഘടനയെ സംരക്ഷിക്കാനാണ് മഹാസഖ്യത്തിന് രൂപം നല്‍കിയിരിക്കുന്നതെന്നും സഖ്യം സ്വാഭാവികമാണെന്നും മനോജ് കുമാര്‍ ഷാ മാധ്യമങ്ങളോട് പറഞ്ഞു.