പട്ന:ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത പോസ്റ്റൽ വോട്ടുകൾ വീണ്ടും എണ്ണണമെന്ന് ആർജെഡി നേതാവ് തെജസ്വി യാദവ്. ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആദ്യമായാണ് ഇക്കാര്യത്തിൽ സംസാരിച്ച തെജസ്വി വോട്ടെണ്ണൽ പ്രക്രിയയിൽ തിരിമറികളുണ്ടെന്നും പറഞ്ഞു.
സംസ്ഥാനത്ത് ജനങ്ങൾ വിധിയെഴുതിയത് മഹാസഖ്യത്തിന് അനുകൂലമായാണെന്നും എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫലം എൻഡിഎയ്ക്ക് അനുകൂലമായിരുന്നെന്നും യാദവ് പറഞ്ഞു.
“ഞാൻ ബീഹാറിലെ ആളുകൾക്ക് നന്ദി പറയുന്നു. ഈ ജനവിധി മഹാസഖ്യത്തെ അനുകൂലിച്ചുവെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫലം എൻഡിഎയ്ക്ക് അനുകൂലമായിരുന്നു. ഇത് സംഭവിക്കുന്നത് ആദ്യമായിട്ടല്ല. 2015 ൽ മഹാസഖ്യം രൂപീകരിച്ചപ്പോൾ വോട്ടുകൾ ഞങ്ങൾക്ക് അനുകൂലമായിരുന്നുവെങ്കിലും അധികാരം നേടാൻ ബിജെപി പിൻവാതിലൂടെ പ്രവേശിച്ചു,” യാദവ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ആർജെഡി നേതാവ് സംശയം പ്രകടിപ്പിച്ചു. “ഞങ്ങൾക്ക് 20 സീറ്റുകൾ നേരിയ മാർജിനിൽ നഷ്ടപ്പെട്ടു. പലനിയോജകമണ്ഡലങ്ങളിലും 900 തപാൽ ബാലറ്റുകൾ അസാധുവായി,” അദ്ദേഹം പറഞ്ഞു.
Read More: വോട്ടെണ്ണൽ അട്ടിമറിക്കാൻ ശ്രമിച്ചു; നിതീഷ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആർജെഡി
“ഞങ്ങൾക്ക് ജനങ്ങളുടെ പിന്തുണ ലഭിച്ചു, പക്ഷേ പണം, മസിൽ പവർ, രസീതുകൾ എന്നിവയിലൂടെ എൻഡിഎ വോട്ടെടുപ്പ് വിജയം നേടി,” യാദവ് ആരോപിച്ചു. ഇത്രയധികം തപാൽ ബാലറ്റുകൾ അസാധുവാക്കിയത് എന്തുകൊണ്ടാണെന്ന് സ്ഥാനാർത്ഥികളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി നിതീഷ് കുമാറിനും ഈ 31 കാരനെ തടയാൻ കഴിഞ്ഞില്ല. ആർജെഡിയെ ഏറ്റവും വലിയ ഒറ്റ കക്ഷിയാക്കുന്നത് തടയാൻ അവർക്ക് കഴിഞ്ഞില്ല,” തേജസ്വി യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിതീഷ് കുമാറിന്റെ ജെഡിയു മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടുവെന്നും യാദവ് പറഞ്ഞു. “അദ്ദേഹത്തിന് എന്തെങ്കിലും മനസാക്ഷി അവശേഷിക്കുന്നുണ്ടെങ്കിൽ, മുഖ്യമന്ത്രിമാരുടെ കസേരയുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിക്കാൻ തയ്യാറാവണം,” തേജസ്വി പറഞ്ഞു.
Read More: ബിഹാറിലെ വിജയം കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതിക്കുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി
243 സീറ്റുകളുള്ള അസംബ്ലിയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളതിനേക്കാൾ മൂന്ന് സീറ്റ് അധികം നേടി 125 സീറ്റുകളുമായാണ് എൻഡിഎ വീണ്ടും അധികാരത്തിലേക്ക് കയറുമ്പോഴും ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം പ്രതീക്ഷ കൈവിട്ടില്ല. ഇപ്പോൾ എൻഡിഎ ക്യാംപിലുള്ള കുറഞ്ഞത് രണ്ട് മുൻ സഖ്യ കക്ഷികളുമായി ആർജെഡി നേതൃത്വത്തിലുള്ള സഖ്യം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ആർജെഡി സഖ്യം 110 സീറ്റുകളാണ് നേടിയത്. നിയമസഭയിൽ കേവല ഭൂരിപക്ഷത്തിലെത്താൻ 12 സീറ്റ് കൂടി ആവശ്യമായിരുന്നു. മഹാസഖ്യത്തിനും എൻഡിഎക്കും പുറത്ത് മത്സരിച്ച അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം അഞ്ച് സീറ്റിൽ ജയിച്ചിട്ടുണ്ട്. ഐഐഎംഐഎമ്മിന്റെയും ഒപ്പം നനിലവിൽ എൻഡിഎയുടെ ഭാഗമായി മുകേഷ് സഹാനിയുടെ നേതൃത്വത്തിലുള്ള വികാസ്ഷീൽ ഇൻസാൻ പാർട്ടി (വിഐപി) മുൻ മുഖ്യമന്ത്രി ജിതാൻ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) എന്നിവയുടെയും പിന്തുണ നേടാൻ മഹാസഖ്യം ശ്രമിക്കുന്നതായാണ് വിവരം.
Read More: ബിഹാറിലെ എൻഡിഎയുടെ വിജയത്തിന് കാരണം നരേന്ദ്ര മോദി: ചിരാഗ് പാസ്വാൻ
സിമ്രി ബക്തിയാർപൂരിൽ നിന്ന് സഹാനി പരാജയപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി വിഐപിക്കും മഞ്ജിയുടെ എച്ച്എഎം സെക്കുലറിനും നാല് സീറ്റുകൾ വീതമുണ്ട്. രണ്ട് പാർട്ടികളും മുൻപ് മഹാ സഖ്യത്തിനൊപ്പമായിരുന്നു, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൻഡിഎയിലേക്ക് ചേക്കേറുകയായിരുന്നു.
243 അംഗ ബീഹാർ നിയമസഭയിൽ 125 സീറ്റിൽ എൻഡിയും 110 സീറ്റിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവുമാണ് വിജയിച്ചത്. ബുധനാഴ്ച പുലർച്ചെ വരെ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് അന്തിമ ഫലം പുറത്തുവന്നത്. സഭയിൽ കേവല ഭൂരിപക്ഷം നേടാൻ വേണ്ടത് 122 സീറ്റാണ്.
75 സീറ്റിൽ ജയിച്ച ആർജെഡിയാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി. 73 സീറ്റിൽ ജയിച്ച ബിജെപിയാണ് തൊട്ടുപിറകിൽ. ജെഡിയു 42 സീറ്റുകളും നേടി.
Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook
.