Bihar Assembly Election Results 2020: പാട്‌ന : ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പ് നടത്തി ഇടതുപാര്‍ട്ടികള്‍. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ ഭാഗമായി 29 സീറ്റില്‍ മത്സരിച്ച ഇടതുപാര്‍ട്ടികള്‍ 16 സീറ്റ് സ്വന്തമാക്കി.
സിപിഐ എംഎല്‍ ലിബറേഷനു ചില മേഖലകളിലുള്ള സ്വാധീനമാണ് ഇടതുപാര്‍ട്ടികളുടെ കുതിപ്പിനു സഹായകമായത്. 19 സീറ്റില്‍ മത്സരിച്ച സിപിഐ എംഎല്‍ 12 സീറ്റില്‍ വിജയം കൈവരിച്ചു. ആറ് സീറ്റില്‍ മത്സരിച്ച സിപിഐയും നാല് സീറ്റില്‍ മത്സരിച്ച സിപിഎമ്മും രണ്ടെണ്ണം വീതവും സ്വന്തമാക്കി.
ഒരുകാലത്ത് ബിഹാറിലെ പ്രധാന രാഷ്ട്രീയ ശക്തിയായിരുന്ന ഇടതുപക്ഷം കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അപ്രസക്തമായിരുന്നു. ഒരു സീറ്റ് നേടിയ സിപിഐക്ക് മാത്രമാണ് 2010 ല്‍ ഇടതുപക്ഷത്തിന്റെ സാന്നിധ്യമറിയാക്കാനായത്.
Also Read: Bihar Election 2020 Results Live Updates: ബിഹാറിൽ എൻഡിഎ ലീഡ് ചെയ്യുന്നു; നേട്ടമുണ്ടാക്കി ബിജെപി
2015 ല്‍ ഇടതുനേട്ടം സിപിഐ എംഎല്ലിന്റെ മൂന്ന് സീറ്റില്‍ ഒതുങ്ങി. സിപിഎമ്മും സിപിഐയും കാഴ്ചക്കാരായി. സിപിഐ എംഎല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ബിഹാറില്‍ സ്വന്തമാക്കാന്‍ പോകുന്നത്. 2005ല്‍ അഞ്ച് സീറ്റ് നേടിയതാണ് ഇതിനു മുന്‍പത്തെ വലിയ നേട്ടം.
സിപിഐ എംഎല്ലിന്റെ പ്രധാന സ്വാധീനമേഖലയായ ഭോജ്പൂരില്‍ മഹാസഖ്യം മികച്ച നേട്ടമുണ്ടാക്കി. 49 സീറ്റുകളുള്ള ഈ മേഖലയില്‍ സഖ്യം വന്‍ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു.
Also Read: മുഖ്യമന്ത്രി നിതീഷ് തന്നെ, അധികാരം പങ്കുവയ്‌ക്കില്ല; നിലപാട് വ്യക്തമാക്കി ജെഡിയു
മഹാസഖ്യത്തില്‍ മറ്റു ചെറിയ കക്ഷികളേക്കാള്‍ ഉയര്‍ന്ന പരിഗണനയാണ് ഇത്തവണ സിപിഐ എംഎല്ലിനു തേജസ്വി യാദവ് നല്‍കിയത്. ഇത് സഖ്യത്തിലെ, സിപിഎമ്മും സിപിഐയും ഉള്‍പ്പെടെയുള്ള മറ്റു കക്ഷികളുടെ അതൃപ്തിക്കു കാരണമായിരുന്നു. ഇത്രയും സീറ്റുകള്‍ നല്‍കാനുള്ള ശേഷി സിപിഐ എംഎല്ലിനില്ലെന്നായിരുന്നു മറ്റു ഇടതുപാര്‍ട്ടികളുടെ നിലപാട്.
Also Read: നേട്ടം കൊയ്യാതെ കൈ; മഹാസഖ്യത്തിലും കോൺഗ്രസിന് അടിതെറ്റുന്നു
എന്നാല്‍, താഴെ തട്ടില്‍ സിപിഐ എംഎല്ലിനുള്ള സ്വാധീനം സഖ്യത്തിനു ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലായിരുന്നു 19 സീറ്റ് വിട്ടുനല്‍കാന്‍ തേജസ്വി യാദവ് തീരുമാനിച്ചത്. ഈ വിലയിരുത്തല്‍ തെറ്റിയില്ലെന്നതാണു ലീഡ് നില വ്യക്തമാക്കുന്നത്.
സംഘടനാ ശേഷിയില്‍ ആര്‍ജെഡി, ബിജെപി, ജെഡി (യു), കോണ്‍ഗ്രസ്, എല്‍ജെപി പാര്‍ട്ടികളേക്കാള്‍ ചെറുതാണെങ്കിലും ശക്തമായ കേഡര്‍ സംവിധാനമുള്ള പാര്‍ട്ടിയാണു സിപിഐ എംഎല്‍. മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലികളിലെ വലിയ ജനക്കൂട്ടത്തിനു പിന്നില്‍ ആര്‍ജെഡിക്കൊപ്പം സിപിഐ എംഎല്ലിന്റെ സംഭാവനയും ചെറുതായിരുന്നില്ല.
Also Read: ബിജെപിയേക്കാള്‍ പിന്നില്‍ ജെഡിയു; ചതിച്ചത് കോവിഡെന്ന് പാർട്ടി വക്താവ്
ചില മേഖലകളില്‍ മഹാദളിതുകള്‍, യാദവര്‍, മറ്റു പിന്നാക്ക ജാതി വിഭാഗങ്ങള്‍ എന്നിവര്‍ക്കിടയില്‍ സിപിഐ എംഎല്‍ സ്വാധീനം ശക്തമാണ്. സാമൂഹിക മുന്നേറ്റങ്ങളിലൂടെ സിപിഐ എംഎല്‍ നേടിയ പിന്തുണ അവരുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രതിഫലിച്ചിരുന്നു.
മഹാസഖ്യം മുന്നോട്ടുവച്ച സാമ്പത്തിക നീതിയുടെ സന്ദേശം വളരെ ഫലപ്രദമായി ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഐ എംഎല്ലിനു നേട്ടമുണ്ടാകുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. മത്സരിച്ച 19 ല്‍ 12-16 സീറ്റുകള്‍ സിപിഐ എംഎല്‍ നേടുമെന്നായിരുന്നു ഇന്ത്യാ ടുഡേ-ആക്‌സിസ് എക്‌സിറ്റ് പോള്‍ പ്രവചനം.