ലക്‌നൗ: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന ബിജെപി സ്ഥാനാർഥിയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ആയ ഭാരതി ഘോഷിന്റെ വീഡിയോ പുറത്ത്. തൃണമൂല്‍ പ്രവര്‍ത്തകരെ ‘വീട്ടില്‍ നിന്ന് വലിച്ചിറക്കി പട്ടിയെ തല്ലുന്നത് പോലെ തല്ലും’ എന്നാണ് ഭാരതി ഭീഷണിപ്പെടുത്തുന്നത്. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ഭാരതിയുടെ ഭീഷണി. ഉത്തര്‍പ്രദേശില്‍ നിന്നും ആയിരത്തോളം പേരെ ഇറക്കി തൃണമൂല്‍ പ്രവര്‍ത്തകരെ തല്ലുമെന്നും വീഡിയോയില്‍ ഭാരതി പറയുന്നുണ്ട്.

പശ്ചിമ ബംഗാളിലെ ഗടാല്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തുമ്പോഴായിരുന്നു ഭാരതിയുടെ ഭീഷണി. ഒരുകാലത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥയായിരുന്ന ഭാരതി പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.

2017ലാണ് പൊലീസില്‍ നിന്ന് വിരമിച്ച് ഭാരതി ബിജെപിയില്‍ ചേര്‍ന്നത്. മെയ് 12നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഗടലില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന ഭാരതിക്കെതിരെ തൃണമൂലിന്റെ ദീപക് അധികാരിയാണ് മത്സരിക്കുന്നത്. അതേസമയം, ഭാരതി അതിരു ലംഘിക്കരുതെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ഇതൊരു മുന്നറിയിപ്പ് ആണെന്നും വായില്‍ തോന്നിയത് പറയരുതെന്നും മമതാ ബാനര്‍ജി തിരിച്ചടിച്ചു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.