ന്യൂഡല്‍ഹി:ബിഹാറിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ് ബെഗുസരായ്. മുന്‍ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രിസഡന്റ് കനയ്യ കുമാര്‍ മത്സരിക്കുന്നുവെന്നതാണ് ബെഗുസരായിയെ താരമണ്ഡലമായി മാറ്റിയത്. സിപിഐ ടിക്കറ്റിലാണ് കനയ്യ കുമാര്‍ ജനവിധി തേടിയത്. കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെതിരെയാണ് കനയ്യ കുമാര്‍ മത്സരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഒടുവില്‍ ലഭിച്ച വിവരം പ്രകാരം കനയ്യ കുമാര്‍ 80000 ല്‍ പരം വോട്ടുകള്‍ക്ക് പിന്നിലാണ്.
Read More: Lok Sabha Election Results 2019: വയനാട് ഒരു ലക്ഷം ഭൂരിപക്ഷമുള്ള രാഹുല്‍ അമേഠിയില്‍ രണ്ടാം സ്ഥാനത്ത്!
സിപിഐയുടെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു ഒരുകാലത്ത് ബെഗുസരായ്. എന്നാല്‍ പിന്നീട് പാര്‍ട്ടിക്ക് ഇവിടെ അടി തെറ്റുകയായിരുന്നു. 2004 ലും 2009 ലും ജനതാദള്‍ ആയിരുന്നു ബെഗുസരായിയില്‍ നിന്നും ലോക്‌സഭയിലെത്തിയത്. തുടര്‍ പരാജയങ്ങളില്‍ നിന്നും കനയ്യ കുമാറിലൂടെ തിരികെ വരാമെന്നായിരുന്നു സിപിഐയുടെ വിലയിരുത്തല്‍. ഇതിനിടെ ഗിരിരാജ് സിങ്ങും ബിജെപിയും തമ്മില്‍ ഉരസിയതും സിപിഐയ്ക്ക് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കരുതി. എന്നാല്‍ ഒടുവില്‍ എല്ലാം പരസ്പരം മറന്ന് ബിജെപിയും ഗിരിരാജും തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു.
കഴിഞ്ഞ തവണത്തേതിന് സമാനമായ രീതിയില്‍ പിന്തുണ നല്‍കാന്‍ സാധിക്കില്ലെന്ന് ഇക്കൊല്ലവും പിന്തുണ നല്‍കില്ലെന്ന് ആര്‍ജെഡി വ്യക്തമാക്കിയതോടെയാണ് സിപിഐ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. കനയ്യയ്ക്കായി പ്രചരണത്തിനായി രാഷ്ട്രീയ-സിനിമാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പ്രചരണത്തിന് ഇറങ്ങിയിരുന്നു. ഡി രാജ, സിതാറാം യെച്ചൂരി, ജാവേദ് അക്തര്‍, ഷബാന അസ്മി, പ്രകാശ് രാജ് തുടങ്ങിയവര്‍ കനയ്യ്ക്കായി ബെഗുരസരായിലെത്തി.
ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 50 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. മറുവശത്ത് ബിജെപി ആകട്ടെ 290ലധികം സീറ്റുകളിലാണ് ലീഡ് സ്വന്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന് ലഭിച്ച 50 സീറ്റുകളില്‍ 19 ഉം കേരളത്തില്‍ നിന്നാണ്.
അതേസമയം, കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴും അമേഠിയില്‍ രാഹുലിന് തിരിച്ചടി ലഭിക്കുകയാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഏഴായിരത്തോളം വോട്ടുകള്‍ക്ക് രാഹുല്‍ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയാണ് അമേഠിയില്‍ ലീഡ് ചെയ്യുന്നത്. വയനാട്ടില്‍ ലീഡ് ചെയ്യുന്ന രാഹുലിന് സ്വന്തം മണ്ഡലമായ അമേഠിയില്‍ അടിതെറ്റുന്നത് കോണ്‍ഗ്രസിനും തിരിച്ചടിയാണ്.
Read More: Lok Sabha Election 2019 Results Live: കോൺഗ്രസ് 50 സീറ്റിൽ മാത്രം; രാജ്യത്ത് വീണ്ടും മോദി തരംഗം
രാജ്യത്ത് വീണ്ടും മോദി തരംഗമെന്ന സൂചന നല്‍കി വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് സൂചനകള്‍. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാനും സാധ്യത തെളിയുകയാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബിജെപിക്ക് തനിച്ച് 285 ഓളം സീറ്റില്‍ വിജയപ്രതീക്ഷ ഉണ്ട്. എന്‍ഡിഎ സഖ്യം 310 സീറ്റുകളില്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ഒന്നിച്ചാല്‍ തന്നെ എന്‍ഡിഎക്കൊപ്പം എത്താന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. യുപിഎ ഇതുവരെ ലീഡ് ചെയ്തിരിക്കുന്നത് 107 സീറ്റുകളാണ്. മറ്റുള്ളവര്‍ 125 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ജനവിധി തേടുന്ന വാരണാസിയില്‍ മികച്ച ലീഡോഡെയാണ് മോദി മുന്നോട്ട് പോകുന്നത്.