/indian-express-malayalam/media/media_files/uploads/2019/05/modi-2.jpg)
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മമതയ്ക്ക് അധികാര ലഹരിയാണെന്നും മമതയുടെ ഗുണ്ടകള്‍ അക്രമം അഴിച്ചു വിടുകയാണെന്നും മോദി പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കൊല്‍ക്കത്ത റോഡ് ഷോയ്ക്കിടെയുണ്ടായ അക്രമങ്ങളിലാണ് മോദി മമതയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
''അധികാര ലഹരിയിലുള്ള മമത ജനാധിപത്യത്തെ തകര്‍ക്കുന്നു. ദീദിയുടെ ഗുണ്ടകള്‍ തോക്കുകളും ബോംബുകളുമായി അക്രമം നടത്തുന്നു'' ബസിര്‍ഹത്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു. പശ്ചിമ ബംഗാളിന്റെ മാന്യതയുടെ സംസ്‌കാരത്തെ മമത തകര്‍ത്തെന്നും കൊല്‍ക്കത്തയിലെ റോഡ് ഷോയ്ക്കിടെയുണ്ടായ അക്രമം തൃണമൂലിന്റെ പ്രതികാരമാണെന്നും മോദി പറഞ്ഞു.
''രണ്ട് ദിവസം മുമ്പ് മമത ദീദി പരസ്യമായി തന്നെ പറഞ്ഞിരുന്നു പ്രതികാരം നടത്തുമെന്ന്. തന്റെ അജണ്ട രണ്ട് ദിവസത്തിനുള്ളില്‍ അവര്‍ പൂര്‍ത്തിയാക്കി. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റാലി ആക്രമിക്കപ്പെട്ടു'' മോദി പറഞ്ഞു.
ബിജെപി പ്രവര്‍ത്തകരും തൃണമൂലിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ കൊല്‍ക്കത്തയുടെ തെരുവുകളില്‍ പരസ്പരം ആക്രമിക്കുകയായിരുന്നു. കുപ്പികളും ഇഷ്ടികകളും കല്ലുകളുമുപയോഗിച്ചായിരുന്നു ആക്രമണം. ഇതിന് പിന്നാലെ മമതയും മോദിയും തമ്മില്‍ വാക്ക് പോര് ശക്തമാവുകയാണ്.
കല്‍ക്കട്ട യൂണിവേഴ്‌സിറ്റി കോളേജിനും വിദ്യാനഗര്‍ കോളേജിനും പുറത്തുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചു വിട്ടതെന്നാണ് തൃണമൂലിന്റെ വിദ്യാര്‍ത്ഥി സംഘടന ആരോപിക്കുന്നത്. അതേമസമയം, തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേര്‍ കുപ്പി വലിച്ചെറിഞ്ഞതോടെ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് ബിജെപിയും പറയുന്നു.
തൃണമൂലിന്റെ ആക്രമണത്തെ രാജ്യം മൊത്തം കണ്ടെന്നും മോദി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മമത തന്റെ തനിനിറം കാണിച്ചെന്നും അവരെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്നും മോദി പറഞ്ഞു. ചിറ്റി തട്ടിപ്പിലൂടെ മമത ജനങ്ങളെ കൊള്ളയടിച്ചെന്നും അതേ കുറിച്ച് ചോദിച്ചവരെ അപമാനിച്ചെന്നും മോദി ആരോപിച്ചു. മമതയ്ക്ക് ജനാധിപത്യമാണ് മുഖ്യമന്ത്രി കസേര നല്‍കിയതെന്നും എന്നാലവര്‍ അതിനെ കൊല്ലുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.