കൊൽക്കത്ത/ദിസ്പൂർ: അസം, പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യ ഘട്ട വോട്ടെടുപ്പിൽ ഇരു സംസ്ഥാനങ്ങളിലും 70 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. വൈകിട്ട് 5.30 വരെയുള്ള കണക്ക് പ്രകാരം ബംഗാളില്‍ 79.79ശതമാനവും അസമില്‍ 75.04 ശതമാനവുമാണ് പോളിങ്ങ്.
അസമിലെ 47 സീറ്റുകളിലെ വോട്ടർമാർ ഇന്ന് വോട്ടുചെയ്തു. പശ്ചിമ ബംഗാളിൽ, തെക്ക്-പടിഞ്ഞാറൻ അതിർത്തികളിലെ ജംഗൽ മഹൽ പ്രദേശത്തെ 30 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ബംഗാളിലെ പ്രശ്ന സാധ്യത പ്രദേശങ്ങളിൽ മാത്രം 684 കമ്പനി അർധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിലെ 30 സീറ്റുകളിൽ 27 എണ്ണവും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് നേടിയിരുന്നു. എന്നാൽ, 2019 ൽ സമവാക്യങ്ങൾ മാറി. ഗോത്രവർഗ ആധിപത്യമുള്ള ജംഗിൾ മഹൽ മേഖലയിൽ ബിജെപി വൻതോതിൽ സ്വാധീനമുണ്ടാക്കി. അഞ്ച് ലോക്സഭാ മണ്ഡലങ്ങളായ പുരുലിയ, ബൻകുര, ജാർഗ്രാം, മെഡിനിപൂർ, ബിഷ്ണുപൂർ എന്നിവിടങ്ങളിൽ വിജയിച്ചു. ഇവയിൽ ഭൂരിഭാഗവും ഒരു കാലത്ത് നക്സൽ ബാധിത ജംഗിൾ മഹൽ മേഖലയിലാണ്.
ഇക്കുറി നന്ദിഗ്രാമിൽ നിന്നാണ് മുഖ്യമന്ത്രി മമത ബാനർജി ജനവിധി തേടുന്നത്. തൃണമൂൽ കോൺഗ്രസിൽ നിന്ന് നേതാക്കൾ കൂട്ടത്തോടെ രാജിവച്ച് ബിജെപിയിലേക്ക് പോയത് ടിഎംസിക്ക് എത്രത്തോളം തിരിച്ചടിയുണ്ടാക്കും എന്നതും ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണ്.
അസമിൽ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ആദ്യഘട്ടത്തിൽ ജനവിധി തേടും. ആകെ 1.54 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാനവകാശം വിനിയോഗിക്കുക.
ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 23 വനിതാ സ്ഥാനാർഥികളും 78 സ്വതന്ത്രരും മത്സരരംഗത്തുണ്ട്. ഒന്നാം ഘട്ടത്തിൽ യോഗ്യതയുള്ള 81,09,815 വോട്ടർമാരുണ്ട്. ഇവരിൽ 40,77,210 പുരുഷന്മാരും 40,32,481 സ്ത്രീകളും 124 പേർ ട്രാൻസ്ജെൻഡർമാരുമാണ്. ഇത് കണക്കിലെടുക്കുമ്പോൾ, വനിതാ വോട്ടർമാർ തിരഞ്ഞെടുപ്പിൽ മുഖ്യ പങ്കുവഹിക്കുമെന്ന് ഉറപ്പാണ്.
ഭരണകക്ഷിയായ ബിജെപി 39 സീറ്റുകളിലും സഖ്യകക്ഷിയായ എജിപി 10 ലും മത്സരിക്കുന്നു. രണ്ട് സഖ്യകക്ഷികളും ലഖിംപൂർ, നഹർകതിയ മണ്ഡലങ്ങളിൽ സൗഹൃദ മത്സരത്തിലാണ്. പ്രതിപക്ഷ മഹാ സഖ്യം എല്ലാ സീറ്റുകളിലും മത്സരിക്കുന്നു, കോൺഗ്രസ് 43 സ്ഥാനാർഥികളെയും എയുഡിഎഫ്, സിപിഐ (എംഎൽ-എൽ), ആർജെഡി, അഞ്ചാലിക് ഗണ മോർച്ച (സ്വതന്ത്രരായി മത്സരിക്കുന്നു) എന്നിവർ ഓരോ സ്ഥാനാർഥികളേയും മത്സരരംഗത്ത് നിർത്തിയിട്ടുണ്ട്.
സ്പീക്കർ ഹിതേന്ദ്രനാഥ് ഗോസ്വാമി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ റിപ്പുൻ ബോറ, നിരവധി മന്ത്രിമാർ എന്നിവരുടെ വിധി വോട്ടർമാർ തീരുമാനിക്കും. ഭരണകക്ഷിയായ ബിജെപി-എജിപി സഖ്യം, കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മഹാസഖ്യം, പുതുതായി രൂപംകൊണ്ട അസം ജതിയ പരിഷത്ത് (എജെപി) എന്നിവ തമ്മിലുള്ള ത്രികോണ മത്സരത്തിന് ഈ സീറ്റുകളിൽ ഭൂരിഭാഗവും സാക്ഷ്യം വഹിക്കും.