പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി.രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡ് ഷോയില്‍ വടിവാള്‍ കണ്ടത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. വടിവാള്‍ കണ്ടതുമായി ബന്ധപ്പെട്ട് യുഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്. റോഡ് ഷോയ്ക്കിടെ മറിഞ്ഞ ബൈക്കില്‍ നിന്നാണ് വടിവാള്‍ നിലത്തുവീഴുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത്. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ ഈ വാള് വാഹനത്തിനുള്ളില ഉളിപ്പിച്ച് സ്ഥലത്ത് നിന്നും മാറുന്നതും ദൃശ്യത്തിൽ കാണാം.
പാലക്കാട്ടെ കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലൂടെ കടന്നു പോയ വാഹനപ്രചാരണ റാലിയിൽ പങ്കെടുത്ത പ്രവര്‍ത്തകരുടെ കയ്യിൽ നിന്നും വീണതായി കരുതപ്പെടുന്ന വടിവാളാണ് ആരോ മൊബെെൽ ക്യാമറയിൽ പകർത്തിയത്.
പക്ഷേ, കാർഷിക ആവശ്യത്തിനുള്ള അരിവാളാണ് താഴെ വീണതെന്ന് സിപിഎം അവകാശപ്പെടുന്നു. അത് വടിവാളല്ല എന്നും കൃഷി സ്ഥലത്ത് നിന്ന് പ്രചാരണത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ അരിവാളാണെന്നും സിപിഎം പറയുന്നു.
അതേസമയം, എന്തു ചെയ്താലും ജനങ്ങൾ തങ്ങൾക്ക് വോട്ട് ചെയ്യുമെന്ന ധാർഷ്ട്യമാണ് സിപിഎമ്മിനുള്ളതെന്നും അതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോൾ കണ്ടതെന്നും കോൺഗ്രസും യുഡിഎഫും തിരിച്ചടിച്ചു.
പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് എം.ബി.രാജേഷ്. ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് രാജേഷ് ഇക്കുറി ജനവിധി തേടുന്നത്. പാലക്കാട് ഡിസിസി പ്രസിഡന്റായ വി.കെ.ശ്രീകണ്ഠനാണ് രാജേഷിന്റെ മുഖ്യ എതിരാളി. 2009 ലും 2014 ലും മികച്ച വിജയം നേടി പാർലമെന്റിലെത്തിയ സ്ഥാനാർഥിയാണ് എം.ബി.രാജേഷ്.