അമരാവതി: എക്‌സിറ്റ് പോളുകൾ പ്രവചിച്ചത് പോലെ ആന്ധ്രാപ്രദേശിൽ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ജഗൻമോഹൻ റെഡ്ഡി നേതൃത്വം നൽകുന്ന വൈ.എസ്.ആർ കോൺഗ്രസിന് മികച്ച മുന്നേറ്റം. സംസ്ഥാനത്തെ 141 നിയോജക മണ്ഡലങ്ങളിലും വൈ.എസ്.ആർ സ്ഥാനാർത്ഥികളാണ് മുന്നിൽ. 32 സീറ്റുകളിൽ മാത്രമാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി മുന്നിട്ട് നിൽക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും വൈ.എസ്.ആർ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഇതിന് പിന്നാലെ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുമെന്നാണ് വിവരം. ഇന്ന് വൈകിട്ട് ചന്ദ്രബാബു നായിഡു രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Read More: Lok Sabha Election Results 2019: എൻഡിഎ കുതിക്കുന്നു; ലീഡ് ചെയ്യുന്നത് 300ലധികം സീറ്റുകളിൽ
എക്‌സിറ്റ് പോളിൽ ആന്ധ്രാ ഭരണം ജഗൻ മോഹൻ റെഡ്ഡി നേടിയെടുക്കുമെന്നും ലോക്‌സഭാ സീറ്റുകളിൽ മിന്നുന്ന വിജയം നേടുമെന്നുമാണ് കണ്ടത്. ജഗന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രയിലെ കോൺഗ്രസിന്റെ അവസാന വാക്കായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മുഖ്യമന്ത്രി സ്ഥാനം ജഗനു നൽകാത്തതിനെ തുടർന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ജഗൻ വൈ.എസ്.ആർ കോൺഗ്രസ് രൂപീകരിച്ചത്.
ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ തെലുങ്കു ദേശത്തിനൊപ്പം കോൺഗ്രസും ജഗന് ശത്രുക്കളായിരുന്നു. എന്നാൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആന്ധ്രയ്‌ക്ക് പ്രത്യേക പദവി നൽകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെ ജഗൻ സ്വാഗതം ചെയ്‌തിരുന്നു. പഴയതൊക്കെ ക്ഷമിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതിനുപ്പുറത്തേക്ക് ഒരു ചുവടു പോലും മുന്നോട്ടു വച്ചിട്ടില്ല. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മൻചാണ്ടി ജഗനെ കോൺഗ്രസിനോട് അടുപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടതുമില്ല.