കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് റാലി നടത്താന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ജനാധിപത്യം എടുത്ത് കളഞ്ഞ് സ്വേച്ഛാധിപത്യമാണ് മമതാ ബാനര്‍ജി നടപ്പാക്കുന്നതെന്ന് ബിജെപി ആരോപിച്ചു. തിങ്കളാഴ്ച ജാദവ്പൂരില്‍ ആയിരുന്നു റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്.

എന്നാല് ഞായറാഴ്ച വൈകിയാണ് റാലിക്ക് അനുമതി നിഷേധിച്ചത്. പ്രദേശത്ത് ഷായുടെ ഹെലികോപ്ടര്‍ ഇറക്കാനുളള അനുമതിയും നിഷേധിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ അറിയിച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണം. പ്രധാനപ്പെട്ട നേതാക്കള്‍ക്ക് റാലി നടത്താന്‍ അനുമതി ഇല്ലെങ്കില്‍ പിന്നെ എന്താണ് തിരഞ്ഞെടുപ്പ്,’ പ്രകാശ് ജാവേദ്ക്കര്‍ ചോദിച്ചു.

‘അമിത് ഷായുടേയും മറ്റ് ബിജെപി നേതാക്കളുടേയും പരിപാടികള്‍ക്ക് മമത സര്‍ക്കാര്‍ നിരന്തരം അനുമതി നിഷേധിക്കുകയാണ്. സംസ്ഥാനത്ത് മമതയുടെ സ്വേച്ഛാധിപത്യമാണ് അരങ്ങേറുന്നത്. ബിജെപിക്ക് വര്‍ധിച്ച് വരുന്ന പിന്തുണയിലുളള അവരുടെ പ്രതിഷേധമാണ് ഇതിലൂടെ കാണുന്നത്. നേരത്തേ അവരെ തിരഞ്ഞെടുത്ത ജനം ഇപ്പോള്‍ തോല്‍പിക്കാനും തീരുമാനിച്ച് കഴിഞ്ഞു,’ ജാവേദ്ക്കര്‍ പറഞ്ഞു.

മാള്‍ഡ വിമാനത്താവളത്തിലെ എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യാന്‍ അമിത് ഷായ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ജില്ലാ മജിസ്ട്രേറ്റ് അയച്ച മറുപടിയില്‍ മാള്‍ഡ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് അനുമതി നല്‍കാത്തതെന്ന് അറിയിച്ചിരുന്നു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.