കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യാജചിത്രം ഉപയോഗിച്ച് പ്രചാരണം നടത്തി എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം. ടൈം മാഗസിന്റെ 25 വര്‍ഷം പഴക്കമുള്ള ലക്കത്തിലെ കവറിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ ഏറ്റവും പുതിയ ചിത്രം ഫോട്ടോഷോപ്പിലൂടെ ഒട്ടിച്ചിരിക്കുന്നത്. 25 വര്‍ഷം പഴക്കമുള്ള മാഗസിനില്‍ എങ്ങനെയാണ് കണ്ണന്താനത്തിന്റെ പുതിയ ചിത്രം വന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നു.

കണ്ണന്താനം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം

1994 ഡിസംബര്‍ അഞ്ചിന് ഇറക്കിയ ടൈം മാഗസിന്റെ കവറിലാണ് തന്റെ ചിത്രം ഫോട്ടോ ഷോപ്പിലൂടെ കണ്ണന്താനം ഒട്ടിച്ചു വെച്ച് പ്രചരിപ്പിക്കുന്നത്. കണ്ണന്താനം തന്നെയാണ് ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തത്.

യു.എസിലെ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കാവുന്ന 40 വയസില്‍ താഴെയുള്ള 50 നേതാക്കളെക്കുറിച്ച് പറയുന്ന മാഗസിനില്‍ ദീപശിഖയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. അതില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് തന്റെ ചിത്രം ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു കണ്ണന്താനം. 1994 ലെ പഴയ മാഗസിന്റെ കവർ ചിത്രം ഇപ്പോഴും വെബ്സെെറ്റിൽ ലഭ്യമാണ്. 25 വർഷം മുൻപുള്ള ടെെം മാഗസിന്റെ കവർ പേജിൽ എങ്ങനെയാണ് നരച്ച മുടിയുമായി കണ്ണന്താനം നിൽക്കുന്നതെന്ന് ചിത്രം കണ്ടവർക്ക് സംശയം തോന്നി. അതിനു പിന്നാലെ ടെെം മാഗസിന്റെ വെബ്സെെറ്റിൽ നിന്ന് ഒറിജിനൽ കവർ ചിത്രവുമായി ട്രോളന്‍മാര്‍ അടക്കം രംഗത്തെത്തി.

കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ വ്യാജ ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതിൽ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക വിമർശനമാണ് ഉയർത്തുന്നത്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.