കൊച്ചി: മമ്മൂട്ടിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. മമ്മൂട്ടി നടത്തിയ പരാമര്‍ശം അപക്വതയുടെ അടയാളമാണെന്ന് കണ്ണന്താനം കുറ്റപ്പെടുത്തി.
Read More: എനിക്ക് വോട്ട് ചെയ്യുമോ?; മമ്മൂട്ടിയോടും ദുല്‍ഖറിനോടും ഹൈബി ഈഡന്‍
മമ്മൂട്ടി വോട്ടിങ് കഴിഞ്ഞ് ഇറങ്ങി വന്നിട്ട് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളെ ഇരുവശത്തുമായി നിര്‍ത്തിയിട്ട് ഇവര് നല്ല സ്ഥാനാര്‍ഥികളാണ് എന്ന് പറഞ്ഞതിന്റെ അര്‍ത്ഥമെന്താണെന്ന് കണ്ണന്താനം ചോദിച്ചു. മൂന്നാമത്തെ സ്ഥാനാര്‍ഥിയായ ഞാൻ, കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനം, 40 വര്‍ഷം പൊതുജീവിതത്തിലുണ്ടായിരുന്ന ഞാൻ കൊള്ളൂല്ല എന്ന മെസേജാണ് മമ്മൂട്ടി കൊടുത്തതെന്ന് കണ്ണന്താനം പറഞ്ഞു.
കേരളം വളര്‍ത്തി വലുതാക്കിയ ഒരു നടന്‍, അദ്ദേഹം വലിയ ആളാണ്. അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത് ഒരു ഇമച്വോരിറ്റി (അപക്വത) ആണെന്നാണ് തന്റെ കാഴ്ചപ്പാട് എന്ന് കണ്ണന്താനം വിമര്‍ശിച്ചു. അതിന് ശേഷം മമ്മൂട്ടിയോട് സംസാരിച്ചു. അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. തെറ്റൊക്കെ സംഭവിക്കാം. അത് മമ്മൂട്ടിക്ക് സമ്മതിച്ചാല്‍ മതിയല്ലോ. തിരഞ്ഞെടുപ്പ് ദിവസമൊന്നും ഒരാള്‍ ഇങ്ങനെ പറയരുതെന്നും കണ്ണന്താനം മമ്മൂട്ടിയെ വിമര്‍ശിച്ച് കൂട്ടിച്ചേര്‍ത്തു.
Read More: മാറിനില്‍ക്ക് അങ്ങോട്ട്; മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി
കഴിഞ്ഞ ദിവസം വോട്ട് ചെയ്ത ശേഷം എറണാകുളത്ത് വച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.രാജീവിനെയും യുഡിഎഫ് സ്ഥാനാര്‍ഥിയായ ഹൈബി ഈഡനെയും ഇരുവശങ്ങളിലും നിര്‍ത്തി മമ്മൂട്ടി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇരുവരും മികച്ച സ്ഥാനാര്‍ഥികളാണെന്ന് മമ്മൂട്ടി പറയുകയുണ്ടായി. ഇതിനെതിരെയാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.