ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് അസംഖഡില്‍ നിന്ന് ജനവിധി തേടും. 2014 ല്‍ മുലായം സിങ് യാദവ് വിജയിച്ച സീറ്റിലാണ് ഇത്തവണ മകന്‍ മത്സരിക്കുന്നത്.
ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതോടെ ഉത്തര്‍പ്രദേശിലെ പോരാട്ട ഭൂമി ചൂടുപിടിച്ചു. ആദ്യമായാണ് അസംഖഡില്‍ അഖിലേഷ് സ്ഥാനാര്‍ഥിയാകുന്നത്. മണ്ഡലത്തിലെ യാദവ് – മുസ്‌ലിം വോട്ടുകളിലാണ് എസ്‌പി ലക്ഷ്യം വയ്ക്കുന്നത്. ബിഎസ്പിയുടെ പിന്തുണയോടെ ദലിത് വോട്ടുകള്‍ സമാഹരിക്കാമെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. 2014 ല്‍ 63,000 വോട്ടുകള്‍ക്കാണ് മുലായം സിങ് യാദവ് ഈ സീറ്റില്‍ നിന്ന് വിജയിച്ചത്.
Read More: യുപിയില്‍ കശ്മീരികളെ തല്ലിച്ചതയ്ക്കുന്ന വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകരുടെ വീഡിയോ ദൃശ്യങ്ങള്‍
മുലായം എസ്‌പിയുടെ സുരക്ഷിത മണ്ഡലങ്ങളിലൊന്നായ മയിന്‍പുരിയില്‍ മത്സരിക്കും. മുലായത്തിന് ഇത്തവണയും സുരക്ഷിത മണ്ഡലം അനുവദിച്ചെങ്കിലും പാര്‍ട്ടിയുടെ പ്രചാരണത്തിന് നേതൃത്വം കൊടുക്കാന്‍ അദ്ദേഹം ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇന്ന് പുറത്തറിക്കിയ മുഖ്യപ്രചാരകരുടെ പട്ടികയിൽ അഖിലേഷ് യാദവ്, ഭാര്യ ഡിംപിള്‍ യാദവ്, റാം ഗോപാല്‍ യാദവ്, അസംഖാന്‍, ജയബച്ചന്‍ തുടങ്ങിയവര്‍ ആണ് പ്രധാനികള്‍.