Election 2019 LIVE News Updates: കേരളം വിധിയെഴുത്തിലേക്ക്. ഏപ്രില്‍ 23 ന് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കും. 20 ലോക്സഭാ മണ്ഡലത്തിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 22 നാണ് സംസ്ഥാനത്ത് നിശബ്ദ പ്രചാരണം. ഞായറാഴ്ച കൊട്ടിക്കലാശം നടക്കും.
തിരഞ്ഞെടുപ്പ് ആവേശം നിറച്ച് ഇന്ന് സംസ്ഥാനത്ത് പ്രിയങ്ക ഗാന്ധിയും അമിത് ഷായും എത്തി. പ്രിയങ്ക ഗാന്ധി വയനാട്ടിലും അമിത് ഷാ പത്തനംതിട്ടയിലും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി. മോദി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചാണ് പ്രിയങ്ക ഗാന്ധി കളം നിറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന പ്രഖ്യാപനവും പ്രിയങ്ക ഗാന്ധി നടത്തി.
അതേസമയം, ശബരിമല വിഷയം വീണ്ടും ഉന്നയിച്ചാണ് അമിത് ഷാ പത്തനംതിട്ടയിലെത്തിയത്. അയ്യപ്പ വിശ്വാസികളുടെ സ്ഥാനാര്‍ഥിയാണ് കെ.സുരേന്ദ്രനെന്ന് അമിത് ഷാ പറഞ്ഞു. പത്തനംതിട്ടയില്‍ ബിജെപിയുടെ റോഡ് ഷോയിലും അമിത് ഷാ പങ്കെടുത്തു. മഴ പെയ്തതിനാല്‍ പൊതുയോഗം ഉപേക്ഷിച്ചു.
Read: എന്റെ ഏട്ടനാണ്, സുഹൃത്താണ്, അയാളെ കൈവിടരുത്: വയനാട്ടുകാരോട് പ്രിയങ്ക ഗാന്ധി
Live Blog
Election 2019 LIVE News Updates സംസ്ഥാനത്ത് ഏപ്രിൽ 23 ന് വോട്ടെടുപ്പ് നടക്കും. ഞായറാഴ്ചയാണ് കൊട്ടിക്കലാശം. തിങ്കളാഴ്ച നിശബ്ദ പ്രചാരണം നടക്കും.
Read: ആയിരം ശ്രീധന്യമാരെ സൃഷ്ടിക്കും: സിവിൽ സർവീസ് നേടിയ ശ്രീധന്യയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി
തിരുനെല്ലി ക്ഷേത്രത്തിലെത്തിയ രാഹുൽ ഗാന്ധി പാപനാശിനിയിൽ പിതൃതർപ്പണം നടത്തി. കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. 1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു. അന്ന് കെ.കരുണാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചിതാഭസ്മം പാപനാശിനിയിൽ നിമഞ്ജനം ചെയ്തത്.
പ്രിയങ്ക ഗാന്ധി ഹവിൽദാർ പി.വി. വസന്തകുമാറിന്റെ വീട് നാളെ ഉച്ചക്ക് 2 മണിക്ക് സന്ദർശിക്കുന്നതാണ്
ചാലക്കുടി മണ്ഡലത്തിലെ പെരുമ്പാവൂര്‍ വേങ്ങോലയില്‍ വച്ച് മമ്മൂട്ടി റോഡ് ഷോയില്‍ പങ്കാളിയായി Read More
ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ വോട്ടര്‍മാര്‍ക്കും ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ വിതരണം ചെയ്യണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ്. എല്ലാ വോട്ടര്‍മാര്‍ക്കും സ്ലിപ്പ് അതാത് പോളിങ് സ്റ്റേഷനുകളിലെ ബിഎല്‍ഒമാര്‍ മുഖാന്തരം വിതരണം ചെയ്യേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്.
കോ-ഓപ്പറേറ്റീവ് ബാങ്ക് പാസ് ബുക്കുകള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിലമ്പൂരിലെ പ്രസംഗം അവസാനിപ്പിച്ചു.
കോൺഗ്രസ് രാജ്യത്തെ വിഭജിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്തെ വിഭജിക്കാതെ ഒന്നിച്ച് നിർത്തുന്ന മഹാശക്തിയെന്ന പേരിൽ കോൺഗ്രസിനെ നിങ്ങൾക്ക് തിരഞ്ഞെടുക്കാമെന്ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ.
കോൺഗ്രസിനെ തിരഞ്ഞെടുക്കണമെന്ന് അഭ്യർഥിച്ച് പ്രിയങ്ക. വാക്ക് പാലിക്കുന്ന, കർഷകരെ സഹായിക്കുന്ന, ജനങ്ങൾക്കായി നയങ്ങൾ സ്വീകരിക്കുന്ന പാർട്ടിയെന്നതിനാൽ കോൺഗ്രസിനെ നിങ്ങൾക്ക് തിരഞ്ഞെടുക്കാമെന്ന് പ്രിയങ്കാ ഗാന്ധി.
വാക്ക് കൊടുത്താൽ പാലിക്കാൻ സാധിക്കണമെന്ന് പ്രിയങ്ക ഗാന്ധി. വാഗ്ദാനങ്ങൾ നൽകും മുമ്പ് അതിനെ കുറിച്ച് ആലോചിക്കും. സാമ്പത്തിക ചെലവുകളെ കുറിച്ച് പരിശോധിക്കും. കാരണം, വാക്ക് പറഞ്ഞാൽ പാലിക്കണം. കോൺഗ്രസ് പാർട്ടി പറയുന്നതേ ചെയ്യൂ, ചെയ്യുന്നതേ പറയൂ എന്ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ.
ഭരണകൂടത്തിനെതിരെ പ്രതികരിക്കണമെന്ന് പ്രിയങ്ക. രാജ്യത്തെ കർഷകർക്കും പാവപ്പെട്ടവർക്കും വേണ്ടി ഒന്നും ചെയ്യാത്ത ഭരണാധികാരിക്കെതിരെ പ്രതികരിക്കണമെന്നും ശക്തരായി തന്നെ അതിനെതിരെ വോട്ട് ചെയ്യണമെന്നും പ്രിയങ്ക.
മോദി അശക്തനും ദുർബലനുമാണെന്ന് പ്രിയങ്കാ ഗാന്ധി. ചോദ്യങ്ങളെ ഭയപ്പെടുന്നതിനാലാണ് മോദി ഭരണഘടനാ സ്ഥാപനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദിയെ മാത്രമാണ് കാണുന്നത്. ഇത്രയും പ്രചാരണം കാണുമ്പോൾ സ്വന്തം മണ്ഡലമാ വാരാണസിയിൽ മോദി എന്തെങ്കിലും ചെയ്തിട്ടുണ്ടാകും എന്നാണ് വിചാരിച്ചത്. എന്നാൽ, സ്വന്തം മണ്ഡലത്തിനായി പോലും അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. വാരണാസിയിലെ ഗ്രാമങ്ങളിൽ മോദി ഇതുവരെ ഒന്നു കടന്നുചെന്നിട്ട് പോലുമില്ല.
കർഷകർക്കായി മോദി സർക്കാർ ഒന്നും ചെയ്തില്ല. അവർക്ക് മോദി ഭരണത്തിൽ ഒരു ഉപകാരവുണ്ടായില്ല. മോദി സർക്കാരിന്റെ നയം രാജ്യത്തിന് തന്നെ അപമാനമാണെന്ന് പ്രിയങ്ക ഗാന്ധി.
സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ശ്രീധന്യക്ക് പ്രിയങ്ക ഗാന്ധിയുടെ അഭിനന്ദനം.
ഹെലികോപ്റ്ററിൽ സഞ്ചരിക്കുമ്പോൾ വയനാടിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. മണ്ണിനെ എങ്ങനെ ബഹുമാനിക്കണമെന്ന് ആദിവാസികളാണ് കാണിച്ചുതരുന്നത്. ഏറെ സന്തോഷത്തോടെയാണ് ഇവിടെ ആയിരിക്കുന്നത്.
നിലമ്പൂരിൽ പ്രിയങ്ക ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു
പ്രിയങ്ക ഗാന്ധി ഉടൻ നിലമ്പൂരിലെത്തും. പൊതുയോഗത്തിൽ പ്രസംഗിക്കും.
പ്രിയങ്ക ഗാന്ധി നിലമ്പൂരിലെ പൊതുയോഗത്തിൽ പങ്കെടുക്കും.
കർഷക സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ച പ്രിയങ്ക ഗാന്ധി പ്രസംഗം അവസാനിപ്പിച്ചു.
ഇത്രയും ദുർബലനായ ഭരണാധികാരിയെയും സർക്കാരിനെയും ഇതുവരെ കണ്ടിട്ടില്ല എന്ന് പ്രിയങ്കാ ഗാന്ധി. കഴിഞ്ഞ അഞ്ച് വർഷമാണ് ഏറ്റവും ദുർബലനായ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും കണ്ടതെന്ന് പ്രിയങ്ക.
രാജ്യത്തിന്റെ ഭരണഘടനയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരാണോ ദേശീയത കുറിച്ച് സംസാരിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി ചോദിച്ചു.
ദരിദ്ര ജനങ്ങൾക്ക് നൽകാൻ പണമില്ലാത്ത സർക്കാർ കോർപ്പറേറ്റുകൾക്ക് കോടികൾ നൽകുന്നു എന്ന് പ്രിയങ്ക ഗാന്ധി.
മൂന്ന് സംസ്ഥാനങ്ങളിലും കാർഷിക കടങ്ങൾ എഴുതി തള്ളി കോൺഗ്രസ് വാക്ക് പാലിച്ചു എന്ന് പ്രിയങ്ക. അധികാരത്തിലെത്തിയാൽ കർഷകർക്കായി ബജറ്റ് കൊണ്ടുവരുമെന്നും ബാങ്ക് ലോൺ അടച്ചുതീർക്കാത്തതിന്റെ പേരിൽ കർഷകരെ ജയിലിലടക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.
ഉത്തർപ്രദേശിലൂടെ സഞ്ചരിക്കുമ്പോൾ ജനങ്ങൾക്ക് പറയാനുള്ള കടക്കെണികളെ കുറിച്ച് മാത്രമാണെന്ന് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ കർഷകർ അനുഭവിക്കുന്ന അതേ ദുരന്തമാണ് വയനാട്ടിലെ കർഷകരും അനുഭവിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
മോദി ഭരണത്തിൽ കർഷകർക്കായി ഒന്നും ചെയ്തില്ലെന്ന് പ്രിയങ്ക ഗാന്ധി. സാധാരണ ജനങ്ങൾക്ക് വേണ്ടിയും കർഷകർക്കു വേണ്ടിയും എന്തെങ്കിലും ചെയ്യുക ബിജെപിയുടെ രാഷ്ട്രീയമല്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
പുൽപ്പള്ളിയിലെ വേദിയിൽ പ്രിയങ്ക ഗാന്ധി സംസാരിക്കാൻ തുടങ്ങി. തനിക്ക് വേണ്ടി പൊരിവെയിലത്ത് കാത്തുനിന്നവർക്ക് ആദ്യമേ നന്ദി പറയുന്നതായി പ്രിയങ്കാ ഗാന്ധി.
പ്രിയങ്ക ഗാന്ധി വേദിയിലേക്ക് പ്രവേശിച്ചു. കോൺഗ്രസ് നേതാക്കൾ പ്രിയങ്കയെ സ്വാഗതം ചെയ്തു.
പുൽപ്പള്ളിയിൽ കർഷകസംഗമത്തിൽ പങ്കെടുക്കാൻ പ്രിയങ്ക ഗാന്ധി എത്തി. അൽപ്പ സമയത്തിനകം പ്രിയങ്ക ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും
മാനന്തവാടിയിലെ പൊതുയോഗത്തിന് ശേഷം പ്രിയങ്ക ഗാന്ധി പുൽപ്പള്ളിയിലെത്തി. പുൽപ്പള്ളിയിലെ കർഷക സംഗമത്തിൽ പ്രിയങ്ക പങ്കെടുക്കും.
മാനനന്തവാടിയിലെ പൊതുയോഗത്തിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രിയങ്ക ഉയർത്തിയത്. പ്രസംഗം അവസാനിപ്പിച്ച പ്രിയങ്ക ഹെലികോപ്റ്ററിൽ പുളപ്പള്ളിയിലേക്ക് പുറപ്പെട്ടു.
കോൺഗ്രസ് വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രിയങ്ക ഗാന്ധി. അധികാരത്തിലെത്തിയാൽ കാർഷിക കടങ്ങൾ എഴുതിതള്ളുമെന്ന് പറഞ്ഞത് നടപ്പിലാക്കിയെന്ന് പ്രിയങ്ക ഗാന്ധി. മോദിക്ക് സാധാരണക്കാരുടെ കാര്യങ്ങളിൽ ശ്രദ്ധയില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
ന്യായത്തിനും സത്യത്തിനും വേണ്ടിയാണ് തന്റെ സഹോദരൻ രാഹുൽ ഗാന്ധി നിലകൊള്ളുന്നതെന്ന് പ്രിയങ്ക ഗാന്ധി. മറ്റുള്ളവരുടെ ഭാഷയേയും സംസ്കാരത്തെയും രാഹുൽ മാനിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയിൽ രാഹുൽ വിശ്വസിക്കുന്നു. സത്യസന്ധമായ ഉപദേശങ്ങൾ മാത്രമേ രാഹുൽ ഗാന്ധി നൽകാറുള്ളൂ എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിൽ. കണ്ണൂരിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് പ്രിയങ്ക മാനന്തവാടിയിലെത്തിയിരിക്കുന്നത്. പൊതുയോഗം നടക്കുന്ന വേദിയിലേക്ക് പ്രിയങ്ക ഉടനെ എത്തും. നിരവധി പേരാണ് യോഗത്തിൽ പങ്കെടുക്കാൻ മാനന്തവാടിയിലെത്തിയിരിക്കുന്നത്. അര മണിക്കൂറോളം വെെകിയാണ് പ്രിയങ്ക കേരളത്തിലെത്തിയത്. കണ്ണൂർ വിമാനത്താവളത്തിലാണ് പ്രിയങ്ക എത്തിയത്.
മാനനന്തവാടിയിലെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പ്രിയങ്ക ഗാന്ധി കണ്ണൂരിൽ നിന്ന് പുറപ്പെട്ടു.
കണ്ണൂർ വിമാനത്താവളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചേർന്ന് സ്വാഗതം ചെയ്തു. മാനന്തവാടിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ പ്രിയങ്ക ഉടൻ കണ്ണൂരിൽ നിന്ന് തിരിക്കും.
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന് വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കും.
മാനന്തവാടി, നിലമ്പൂർ, അരീക്കോട് നടക്കുന്ന പൊതുയോഗങ്ങളില്‍ പങ്കെടുക്കും. പുല്പളളിയിലെ കര്‍ഷക സംഗമത്തില്‍ പങ്കെടുക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക അവിടെനിന്നും മാനന്തവാടിയിലേക്ക് പോകും.