കൊച്ചി: ടൊവിനോ തോമസ് ഉൾപ്പെടെ ഉള്ള ചില സിനിമാ താരങ്ങൾ കന്നി വോട്ട് ചെയ്തെന്ന മുൻ പാർലമെന്റ് അംഗവും ഇടതുപക്ഷ സഹയാത്രികനുമായ സെബാസ്റ്റ്യൻ പോളിന്റെ പരാമർശത്തിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി ടൊവിനോ തോമസ്. താൻ ചെയ്തത് കന്നി വോട്ടല്ല, തന്റെ പോളിങ് സ്റ്റേഷനിൽ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാനെന്നുമാണ് എഴുതിയതെന്ന് ടൊവിനോ ചൂണ്ടിക്കാണിച്ചു. കന്നി വോട്ട് ചെയ്ത മോഹൻലാലിനും ടൊവിനോ തോമസിനും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂർത്തിയായതെന്നായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ പരിഹാസം.

ഇതിന് മറുപടിയുമായാണ് ടൊവിനോ തോമസ് രംഗത്തെത്തിയത്. ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുതെന്ന് ടൊവിനോ തോമസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ കാര്യങ്ങൾ ശരിയായി മനസിലാക്കാതെ സംസാരിക്കുന്നത് അപഹാസ്യമാണെന്ന് ടൊവിനോ കുറിച്ചു.

Read: അമ്മയ്ക്കും സഹോദരനുമൊപ്പം വോട്ട് രേഖപ്പെടുത്തി മഞ്ജു വാര്യർ

‘എനിക്ക് പ്രായപൂർത്തി ആയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിനും ഞാൻ എവിടെയാണെങ്കിലും അവിടുന്ന് എന്റെ നാടായ ഇരിങ്ങാലക്കുടയിൽ വന്ന് എന്റെ വോട്ട് രേഖപ്പെടുത്താറുണ്ട്. ആവശ്യമെങ്കിൽ സാറിനു അന്വേഷിക്കാൻ വഴികൾ ഉണ്ടല്ലോ. അന്വേഷിച്ചു ബോധ്യപ്പെടൂ. നന്ദി. ഗപ്പി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയ്ക്ക് നാഗർകോവിൽ നിന്ന് ഇരിങ്ങാലക്കുട വന്നാണ് വോട്ട് ചെയ്തിട്ട് പോയത്. വോട്ടിനു ശേഷം പുരട്ടിയ വിരലിലെ മഷി കാരണം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സീനിന്റെ തുടർച്ചയെ ബാധിച്ചു എന്ന് പറഞ്ഞു സംവിധായകന്റെ പരിഹാസവും അന്ന് നേരിട്ടത് ഞാൻ ഓർക്കുന്നു,’ ടൊവിനോ കുറിച്ചു. ഗപ്പിയിലെ രംഗത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ടൊവിനോയുടെ കുറിപ്പ്.

‘എന്റെ പ്രായം 30 വയസ് ആണ് സർ, എന്റെ 30 വയസിനിടയ്ക്ക്‌ വന്ന നിയമസഭ ഇലക്ഷൻ, ലോക്‌സഭാ ഇലക്ഷൻ, മുൻസിപാലിറ്റി ഇലക്ഷൻ തുടങ്ങിയവയിൽ എല്ലാം ഞാൻ വോട്ട്‌ ചെയ്തിട്ടുണ്ട്‌. ഇനി ജീവിതകാലം മുഴുവൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നിടത്തോളം കാലം ഞാൻ അത് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും,’ ടൊവിനോ വ്യക്തമാക്കി.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.