ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഗൗതം ഗംഭീറിനെതിരെ പരാതിയുമായി എഎപിയുടെ സ്ഥാനാര്‍ത്ഥി. ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡിയുണ്ടെന്നാണ് എഎപിയുടെ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ അതിഷിയുടെ ആരോപണം. ഗംഭീറിനെതിരെ ഡല്‍ഹിയിലെ ടിസ് ഹസാരി കോടതിയില്‍ ക്രിമിനല്‍ കുറ്റത്തിന് പരാതി നല്‍കിയിട്ടുമുണ്ട് അതിഷി.
ഗംഭീറിനെതിരെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് അതിഷി പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു മണ്ഡലത്തില്‍ മാത്രമേ വോട്ടര്‍ ഐഡി പാടുള്ളൂവെന്നാണ്. ഈ നിയമം തെറ്റിച്ചാല്‍ ഒരു വര്‍ഷം തടവോ പിഴവോ തടവോട് കൂടിയ പിഴവോ ലഭിക്കും.
തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഗംഭീര്‍ അറിയിച്ചത് തനിക്ക് രജീന്ദര്‍ നഗറില്‍ മണ്ഡലത്തിലാണ് വോട്ട് ചെയ്യാന്‍ സാധിക്കുക എന്നാണ്. എന്നാല്‍ കരോള്‍ ബാഗിലും ഗംഭീറിന് വോട്ടര്‍ ഐഡിയുണ്ടെന്നാണ് എഎപിയുടെ ആരോപണം. തന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളാതിരിക്കാന്‍ ഗംഭീര്‍ മനപ്പൂര്‍വ്വം ഈ വിവരം മറച്ചു വയ്ക്കുകയായിരുന്നുവെന്നും അതിഷി പറഞ്ഞു.