കൊച്ചി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാന്‍ രമ്യ പോയിരുന്നു. ആ കുട്ടിയുടെ അവസ്ഥ ഇനി എന്താകുമെന്ന് അറിയില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.അന്‍വറിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അധിക്ഷേപം.
”സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല,” ഇതായിരുന്നു എ വിജയരാഘവന്‍റെ വാക്കുകള്‍.
കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു വിജയരാഘവന്റെ അധിക്ഷേപ പരാമര്‍ശം. പ്രസംഗം തിരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കാനാണ് യുഡിഎഫ് നീക്കം. നിയമപരമായി നീങ്ങാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. എതിരാളി വനിതയാകുമ്പോള്‍ ലൈംഗികമായ അധിക്ഷേപം ആയുധമാക്കുന്നതിനെതിരെയാണ് പ്രതിഷേധം.