ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും സിപിഎമ്മിന് വിശ്വാസി സമൂഹം കനത്ത തിരിച്ചടി നൽകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ ശക്തമായ പ്രവര്‍ത്തനവും യോജിപ്പും ഒറ്റക്കെട്ടായ നിലപാടുകളും തിരഞ്ഞെടുപ്പിന് സഹായകമായി. കേരളത്തെ വര്‍ഗീയവത്കരിക്കാനും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി തിരഞ്ഞെടുപ്പില്‍ ജയിക്കാനുമുള്ള സിപിഎമ്മിന്റെ തന്ത്രം പരാജയപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.

സിപിഎമ്മിലെ തന്നെ നല്ലൊരു വിഭാഗം ആളുകള്‍ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്. പിണറായി അധികാരത്തിലേറിയാല്‍ പാര്‍ട്ടി നശിച്ചുപോകുമെന്ന് വിശ്വാസമുള്ള ആളുകള്‍ യുഡിഎഫിന് വോട്ട് ചെയ്തു. ശബരിമലയുടെ കാര്യത്തില്‍ ജനങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കിയ സിപിഎമ്മിന് കനത്ത തിരിച്ചടി വിശ്വാസി സമൂഹം നല്‍കും. വ്യാജ വോട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പരമാവധി വ്യാജവോട്ടുകള്‍ തടയാന്‍ കഴിഞ്ഞു.

Read More: എംഎല്‍എ ഓഫീസിനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞു: ഇ.ശ്രീധരൻ

തളിപ്പറമ്പില്‍ വ്യാപകമായി ബൂത്തുപിടിത്തമുണ്ടായി. ഇവിടങ്ങളില്‍ റീ പോളിങ് വേണം. ഒരിക്കലും ഉണ്ടാകാത്ത നിലയിലാണ് ബൂത്തുപിടിത്തം ഉണ്ടാവുകയും ഏജന്റുമാരെ അടിച്ചോടിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തത്.

നാട്ടിൽ സമാധാന അന്തരീക്ഷം നിലനിര്‍ത്താൻ നടപടി വേണം. സിപിഎം വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണ്. കണ്ണൂരിൽ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തുന്നു. ഹരിപ്പാടും കായംകുളത്തും സിപിഎം വ്യാപകമായ അക്രമം നടത്തി. യുഡിഎഫിനെ പിന്തുണക്കുന്നവരെ വിരട്ടാമെന്ന ചിന്താഗതിയാണ് സിപിഎമ്മിനെന്നും ചെന്നിത്തല ആരോപിച്ചു.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.